കണ്ണൂർ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെന്നും ചില കോണുകളിൽ നിന്നുയർന്നു വരുന്ന മറിച്ചുള്ള പ്രചരണം വസ്തുതാ വിരുദ്ധമാണെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
ജില്ലയിൽ ഡി.സി.സി പ്രസിഡന്റ് കൺവീനറായി പ്രവർത്തിക്കുന്ന ഏഴ് അംഗങ്ങളുള്ള ജില്ലാതല സ്ഥാനാർത്ഥി നിർണ്ണയ തിരഞ്ഞെടുപ്പ് സമിതിയിൽ പയ്യാവൂർ, ഉളിക്കൽ പഞ്ചായത്തുകളിലെയും തലശ്ശേരി നഗരസഭയിലെ ഒരു ഡിവിഷനിലെയും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസം കെ.പി.സി.സിയുടെ സമിതിക്ക് വിടാൻ തീരുമാനം എടുത്തിട്ടുണ്ടായിരുന്നില്ല.
കെ. സുധാകരൻ എം.പിയും സണ്ണി ജോസഫ് എം.എൽ.എയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും കെ.പി സി സി ഭാരവാഹികളും അംഗങ്ങളായ ജില്ലാ തിരഞ്ഞെടുപ്പ് സമിതിയിൽ ഒരംഗം പോലും വിഷയം കെ.പി.സി.സിക്ക് പരിശോധിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
കെ.പി.സി.സി നിയോഗിച്ച കോൺഗ്രസ് നേതാക്കളുടെയും കമ്മിറ്റികളുടെയും പ്രവർത്തന മികവ് പരിശോധന സമിതിയിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച രൂപത്തിൽ പ്രവർത്തനം നടത്തുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയാണെന്ന് തെളിയിക്കപ്പെട്ട സതീശൻ പാച്ചേനി നേതൃത്വം നല്കുന്ന പാർട്ടി ഘടകത്തിനെതിരെ അനവസരത്തിൽ വിമർശനം ഉന്നയിക്കുന്നത് പാർട്ടി പ്രവർത്തകരുടെ ഇടയിൽ സ്വാധീനവും ജനസമ്മതിയുമില്ലാത്ത നിർജീവാവസ്ഥയിൽ നിൽക്കുന്ന ചിലരുടെ വ്യക്തി താൽപര്യം സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണെന്നും സുധാകരൻ പറഞ്ഞു.