കണ്ണൂർ: കൊവിഡ് 19 ബാധിതർക്കും ക്വാറന്റൈയിനിൽ കഴിയുന്നവർക്കും തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റൈയിനിൽ കഴിയുന്നവരേയും സ്‌പെഷ്യൽ വോട്ടേഴ്സായാണ് (എസ്.വി) പരിഗണിക്കുക. ഇവർക്കുള്ള പോസ്റ്റൽ ബാലറ്റ് സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അഥവാ എസ്.പി.ബി ആയാണ് പരിഗണിക്കുക. ജില്ലാ ആരോഗ്യ വകുപ്പാണ് സ്‌പെഷ്യൽ വോട്ടർമാരുടെ സാക്ഷ്യപത്രം അഥവാ സി.എൽ പട്ടിക തയ്യാറാക്കുക. ഫോറം 19 എ യിൽ തയ്യാറാക്കുന്ന പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ.
വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മുതൽ വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് മൂന്ന് വരെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എസ്.പി.ബി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം സി.എല്ലിൽ ഉൾപ്പെടുന്നവർക്ക് പോളിംഗ് ബൂത്തുകളിൽ പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കും. വോട്ട് ചെയ്യാനെത്തിയ മറ്റ് വോട്ടർമാരും ടോക്കൺ ലഭിച്ചവരും വോട്ട് രേഖപ്പെടുത്തിയ ശേഷമാകും ഇവർക്കുള്ള അനുമതി. ഗ്ലൗസ് ധരിക്കാതെ എസ്.വി മാരെ വോട്ട് ചെയ്യാൻ അനുവദിക്കില്ല.
ഒരു ജില്ലയിലെ സ്‌പെഷ്യൽ വോട്ടർമാരുടെ സാക്ഷ്യപട്ടിക ഫോറം 19 എ യിൽ തയ്യാറാക്കി ഡി.എച്ച്.ഒ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകണം. വോട്ടെടുപ്പിന്റെ പത്ത് ദിവസം മുമ്പാണ് ആദ്യ പട്ടിക നൽകേണ്ടത്. തുടർന്നുള്ള എട്ട് ദിവസങ്ങളിലായി വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണി വരെ ദൈനംദിന പട്ടിക സമർപ്പിക്കണം. കൊവിഡ് പോസിറ്റീവ് ആയവരേയും നിശ്ചിത ദിവസത്തേക്ക് ക്വാറന്റൈയിനിൽ പോയവരെയും മാത്രമേ സി
എല്ലിൽ ചേർക്കാവൂ. തുടർപട്ടികയിൽ പുതിയ കൊവിഡ് പോസിറ്റീവുകാരെ ചേർക്കണം. ഡി.എച്ച്.ഒയുടെ അനുമതിയില്ലാതെ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരെ സി.എല്ലിൽ ഉൾപ്പെടുത്തില്ല.
1. സ്‌പെഷ്യൽ വോട്ടർക്ക് റിട്ടേണിംഗ് ഓഫീസറോട് നേരിട്ടും പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
2. ആരോഗ്യ വകുപ്പിൽനിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം (ഫോറം 19 സി) ഫോറം 19 ഡിയിലാണ് അപേക്ഷിക്കേണ്ടത്
3. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്‌പെഷ്യൽ വോട്ടർമാർക്ക് നേരിട്ടാണ് ബാലറ്റുകൾ എത്തിക്കുക
4. പോൾ ചെയ്ത ബാലറ്റുകൾ സീൽ ചെയ്ത കവറിൽ ആർ.ഒയ്ക്ക് നേരിട്ടോ തപാൽ മാർഗമോ അയക്കാം
5. സ്‌പെഷ്യൽ പോളിംഗ് ഓഫീസറേയും സ്‌പെഷ്യൽ പോളിംഗ് അസിസ്റ്റന്റിനേയും നിയോഗിക്കും
6. തപാൽ ബാലറ്റ് വിതരണവും തിരികെ സ്വീകരിക്കലും വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് പൂർത്തിയാക്കണം