കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടാകുന്നത് കർശനമായി തടയാൻ നടപടി സ്വീകരിക്കാൻ വരണാധികാരികൾക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ടി വി സുഭാഷ് നിർദേശം നൽകി. നഗരസഭാ റിട്ടേണിംഗ് ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് നിരീക്ഷകൻ ജെ ദേവപ്രസാദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
ജില്ലയിൽ നഗര മേഖലകളിൽ പ്രചാരണ പരിപാടികളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടാകുന്നതായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പരാതി ഉയർന്നതായി ജില്ലാ കളക്ടർ പറഞ്ഞു. ഇക്കാര്യത്തിൽ വരണാധികാരികൾ കർശന നിരീക്ഷണം ഉറപ്പുവരുത്തണം. പൊലീസിനെയും സ്‌ക്വാഡുകളെയും ഇത്തരം പരാതികൾ അറിയിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണം. പൊതുപെരുമാറ്റ ചട്ടലംഘനം ഇല്ലാതിരിക്കാനും ജാഗ്രത കാണിക്കണം. ജില്ലയിലെ പ്രശ്ന സാദ്ധ്യത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്, വീഡിയോ ചിത്രീകരണം, അധിക പൊലീസ് സുരക്ഷ എന്നീ ക്രമീകരണങ്ങളാണ് ആലോചിക്കുന്നത്.
സമാധാനപരവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് ഉറപ്പാക്കാനാവശ്യമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കുന്നത്. കൊവിഡ് പോസിറ്റീവ് ആകുന്നതോ ക്വാറന്റൈനിൽ കഴിയുന്നതോ ആയ വോട്ടർമാർക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രത്യേക പോസ്റ്റൽ ബാലറ്റിന് സൗകര്യം നൽകുന്നുണ്ട്. ഇതിനാവശ്യമായ ക്രമീകരണങ്ങളും കുറ്റമറ്റ രീതിയിൽ വരണാധികാരികൾ ആസൂത്രണം ചെയ്യണം.
ടി.വി സുഭാഷ്, ജില്ലാ കളക്ടർ