കാസർകോട്: കപ്പിനും ചുണ്ടിനും ഇടയിൽ നിസാര വോട്ടിന് കൈവിട്ടുപോയത്
ജനറൽ സംവരണ മണ്ഡലമായ ഇവിടെ ഇടതുമുന്നണിക്കു വേണ്ടി എം. മനു (എൽ.ജെ.ഡി), യു.ഡി.എഫിനു വേണ്ടി ഷാജി തൈക്കീൽ, എൻ.ഡി.എയ്ക്കുവേണ്ടി രജിത്ത് (ബി.ജെ.പി) എന്നിവരാണ് അങ്കത്തട്ടിലുള്ളത്. യു.ഡി.എഫ് ശക്തികേന്ദ്രമായ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്, പടന്ന വില്ലേജ്, സി.പി.എം ശക്തികേന്ദ്രമായ പിലിക്കോട് പഞ്ചായത്തിലെ ആറാം വാർഡ് പാടിക്കീൽ ഒഴികെയുള്ള പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പിലിക്കോട് ഡിവിഷൻ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന എൽ.ജെ.ഡി, എൽ.ഡി.എഫിന്റെ കൂടെ ചേർന്ന മാറിയ രാഷ്ട്രീയ സാഹചര്യം കൂടി പിലിക്കോട് ഡിവിഷനിലുണ്ട്. 2500 ഓളം വോട്ട് തങ്ങൾക്കുണ്ടെന്നാണ് എൽ.ജെ.ഡിയുടെ അവകാശവാദം. ഇതുകൂടി കണക്കിലെടുത്താണ് ഇത്തവണ ഡിവിഷൻ എൽ.ജെ.ഡിക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
എൽ.ഡി.എഫ് സർക്കാരിന്റെ വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും തന്നെയാണ് ഇടതുമുന്നണി വോട്ടർമാരുടെ മുമ്പാകെ വയ്ക്കുന്നത്. അഴിമതിയും സ്വർണ്ണക്കടത്തും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രചാരണവിഷയം.
2015ലെ വോട്ടുനില
യു.ഡി.എഫ് 20668
എൽ.ഡി.എഫ് 20605
എൻ.ഡി.എ 3448
സ്ഥാനാർത്ഥി മൊഴി
വോട്ടർമാരിൽ ഇടതുമുന്നണിക്ക് അനുകൂലമായ മികച്ച പ്രതികരണമാണുള്ളത്. സർക്കാരിന്റെ വികസന നയത്തിന് അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്യും. കഴിഞ്ഞ തവണ നിസാര വോട്ടിന് തോറ്റുപോയ ഡിവിഷൻ നല്ല മാർജിനിൽ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.
എം. മനു (എൽ.ഡി.എഫ്)
ഡിവിഷനിലെ പല പ്രദേശങ്ങളിലും യു.ഡി.എഫിന് അനുകൂലമായ തരംഗമാണ്. പ്രചാരണ രംഗത്ത് ഇത് അനുഭവപ്പെടുന്നു. ബൂത്തുതലങ്ങളിൽ വോട്ടർമാരെ നേരിൽ കാണുകയായിരുന്നു ഇതുവരെ. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്
ഷാജി തൈക്കീൽ (യു.ഡിഎഫ്)
പൊതുവായ രാഷ്ട്രീയ സാഹചര്യം ഗുണം ചെയ്യും. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കും വികസനവിരുദ്ധ നയത്തിനും എതിരായി ജനം വോട്ടു ചെയ്യും. നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ മുന്നണിക്ക് സ്വാധീനമുള്ള മേഖലകളിൽ പ്രചാരണം നടത്തുകയാണ്.
രജിത്ത് (എൻ.ഡി.എ)