maradona

കണ്ണൂർ: 2012 ഒക്ടോബർ 24. ഫുട്ബാളിന്റെ കളിത്തൊട്ടിലായ കണ്ണൂരിന് മറക്കാൻ കഴിയാത്ത ദിവസമായിരുന്നു. ആവേശം അലകടൽ തീർത്ത ആരാധക‌ർക്ക് നടുവിലേക്ക് ഫുട്ബാൾ ദൈവം അവതരിച്ചപ്പോൾ പിറന്നത് ചരിത്രത്തിന്റെ സുവർണ മുഹൂർത്തം. ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ പറന്നിറങ്ങിയത് കണ്ണൂർ തങ്കലിപികളിൽ കോറിയിട്ടിരുന്നു. ഒരു സ്വാകാര്യ പരിപാടിക്കെത്തിയ അദ്ദേഹത്തിന് കണ്ണൂർ നൽകിയത് അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു. രാവിലെ10 മണിക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. തങ്ങളുടെ പ്രിയ ഫുട് ബാൾ മാന്ത്രികനെ ഒരു നോക്ക് കാണാൻ ജനസഹസ്രങ്ങളാണ് കാലത്ത് മുതൽ തന്നെ ഒഴുകിയെത്തിയത്.

ഹെലിക്കോപ്റ്ററിൽ വന്നിറങ്ങിയ മാന്ത്രികൻ പതിനായിരങ്ങൾക്ക് നേരെ ഇരു കൈയും വീശി ചുംബനമെറിഞ്ഞപ്പോൾ ആരാധകർ ആവേശക്കൊടുമുടിയിലായി. വലതു കൈയിലെ പച്ച കുത്തിയ ചെഗുവേരയുടെ ചിത്രവും അദ്ദേഹം ഉയർത്തിക്കാണിച്ചപ്പോൾ കണ്ണൂർ ആർത്തുവിളിച്ചു. ലാൽ സലാം സഖാവേ, ലാൽ സലാം........ ഇതു കേട്ട മറഡോണ അതേ ആവേശത്തിൽ തിരിച്ച് കണ്ണൂരിനെ അഭിവാദ്യം ചെയ്തു. ലാൽ സലാം കണ്ണൂർ........ ഇതോടെ കണ്ണൂർ ഇളകി മറിഞ്ഞ് ആവേശക്കടലായി.

പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടി കാണികളെ ഇളക്കി മറിച്ച മറഡോണ നല്ലൊരു ഗായകനും റോക് ഡാൻസറുമാണെന്ന് തെളിയിക്കാൻ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു. ഫുട്ബാൾ രാജാവിനെ കണ്ട് കൈകളിൽ മുത്തമിടാനും ഹസ്തദാനം ചെയ്യാനും പതിനായിരങ്ങൾ മനസ്സിൽ ആഗ്രഹിച്ചപ്പോഴായിരുന്നു ആ വരവ്. ചാര നിറമുള്ള ഷർട്ടും കടും നീല നിറത്തിലുള്ള ജീൻസുമായിരുന്നു വേഷം. അവതാരകയായി രഞ്ജിനി ഹരിദാസും. ബോബി ചെമ്മണ്ണൂരും ഐ. എം. വിജയനും സ്റ്റേജിൽ മറഡോണക്കൊപ്പം. കടലലകൾ പോലെ ഇളകി മറിഞ്ഞ ജനക്കൂട്ടത്തിനു നേരെ മറഡോണ പൂക്കൾ വാരിയെറിഞ്ഞു. വായിൽ വിരലുകൾ തിരുകി ചൂളം വിളിച്ചു. മുതുക് ഇളക്കിയും കൈകൾ വീശിയും മറഡോണ ആനന്ദ നൃത്തമാടിയപ്പോൾ ആരാധകരും ഒപ്പം കൂടി. പതിനായിരങ്ങളെ ഉൾക്കൊള്ളാനാകാതെ സ്റ്റേഡിയം അക്ഷരാർഥത്തിൽ വീർപ്പുമുട്ടുകയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനും സംഘാടകർക്കും നന്നെ പാടുപെടേണ്ടി വന്നു.

രഞ്ജിനി ഹരിദാസിനെ ചേർത്തു പിടിച്ചാണ് മറഡോണ നൃത്തം ചവിട്ടിയത്.നൃത്തത്തിനിടയിൽ രഞ്ജിനിക്ക് ചുംബനം നൽകാനും മറഡോണ മറന്നില്ല. തികഞ്ഞ മെയ് വഴക്കത്തോടെ വേദിയിലുടനീളം തുള്ളിച്ചാടി നടന്ന് ഉച്ച വെയിലിനെ പോലും നിഷ്പ്രഭമാക്കി കാണികളിൽ ആവേശത്തിന്റെ കുളിര് പകർന്നു. ഡീഗോ...... ഡീഗോ എന്ന് ജനങ്ങൾ ആവേശത്തോടെ ആർത്ത് വിളിച്ചുു.

സ്പാനിഷ് സംഗീതത്തിന്റെ ചുവട് വച്ചാണ് മറഡോണ ആടിയും പാടിയും ആരാധകരെ രസിപ്പിച്ചത്. ഇതിനിടെ മലയാളികളുടെ പ്രിയ ഫുട് ബാൾ താരം ഐ. എം. വിജയനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു.തുടർന്ന് വിജയനുമൊത്ത് പന്തുതട്ടിക്കളിച്ചു. അരമണിക്കൂറോളം കളിച്ച് വിയർത്ത് കുളിച്ച മറഡോണ തന്റെ പത്താം നമ്പർ ജഴ്സി കൊണ്ട് മുഖം തുടച്ചു.

കണ്ണൂരിലെ പിറന്നാൾ

അതിനിടെ മറഡോണയുടെ അമ്പത്തിരണ്ടാം പിറന്നാളും കണ്ണൂരിൽ ആഘോഷിച്ചു. സ്റ്റേഡിയത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ കൂറ്റൻ കേക്ക് മുറിച്ചായിരുന്നു ആഘോഷം. പിറന്നാൾ ആഘോഷം ഫുട്ബാളിന്റെ ഈറ്റില്ലമായ കണ്ണൂരിൽ വച്ച് നടത്താൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സ്പാനിഷ് ഭാഷയിൽ പറഞ്ഞു.

അര മണിക്കൂർ മാത്രമുള്ള പരിപാടി കഴിഞ്ഞ ശേഷം ഒരിക്കൽ കൂടി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത് മറഡോണ കണ്ണൂരിനോടും കേരളത്തിനോടും നന്ദി പറഞ്ഞു. ഐ ലവ് കേരള, ഐ ലവ് കണ്ണൂർ എന്നു പറഞ്ഞ് കൈവീശി ഹെലികോപ്റ്ററിൽ കയറുമ്പോൾ താഴെ ആവേശക്കടൽ ഇരമ്പിയാർത്തിരുന്നു.