കാസർകോട്: ദക്ഷിണകർണാടകക്കാരിയായ രൂപവാണിഭട്ടിന് എൻമഗജെയിൽ ഇത് മൂന്നാം അങ്കമാണ്. മൂന്നുവർഷം പഞ്ചായത്ത് പ്രസിഡന്റായും അഞ്ചുവർഷം ജില്ലാപഞ്ചായത്ത് അംഗമായും പ്രവർത്തിച്ച ഇവരെ ഇക്കുറി ജനറൽ വാർഡിൽ ബി.ജെ.പി മത്സരിപ്പിക്കുന്നത് തന്നെ ഇവർക്ക് പാർട്ടി നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നതാണ്.
എട്ടാം വാർഡായ കജംപാടിയിലാണ് മത്സരരംഗത്ത്. വനിതാ സംവരണമായിരുന്ന ഈ വാർഡിൽ നിന്നാണ് 2015 ൽ ജയിച്ചു കയറി രൂപവാണി എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായത്. 2005 ൽ എൻമകജെ ഡിവിഷനിൽ നിന്ന് 1500 വോട്ടിന് യു .ഡി.എഫിനെ അട്ടിമറിച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായതോടെയാണ് ഇവർ ശ്രദ്ധാകേന്ദ്രമായി തുടങ്ങിയത്. ദക്ഷിണ കർണ്ണാടകക്കാരിയായ രൂപവാണി 1995 ൽ വിവാഹിതയായി പെർള എടമലയിൽ താമസമാക്കി പൊതുപ്രവർത്തനം തുടങ്ങിയതാണ്. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായിരുന്നു ഇവർ.
വികസനം ചൂണ്ടിക്കാട്ടിയാണ് രൂപവാണിയുടെ വോട്ടഭ്യർത്ഥന. റോഡ് വികസനത്തിനുള്ള ലോകബാങ്കിന്റെ സ്‌പെഷ്യൽ ഗ്രാൻഡായി രണ്ടുകോടിയും വർഷംതോറും 54 വീടുകൾ വീതം നൽകിയ 1.10 കോടിയുടെ കേന്ദ്ര ഭവനപദ്ധതിയും കേന്ദ്ര ഫിനാൻസ് കമ്മിഷന്റെ അഞ്ചു കോടിയും സമ്പൂർണ്ണ വൈദ്യുതീകരണത്തിനുള്ള സൗഭാഗ്യ പദ്ധതി, 360 കുടുംബങ്ങളിൽ ശൗചാലയം പണിത സ്വച്ഛ് ഭാരത് മിഷൻ, മറാഠി വിഭാഗത്തിനുള്ള ഒന്നര കോടി ഉൾപ്പെടെ നിരവധി കേന്ദ്ര പദ്ധതികളും ഇവർ എടുത്തുകാട്ടുന്നു.
250 കുടുംബങ്ങൾക്ക് കേന്ദ്ര പദ്ധതിയുടെ പ്രത്യേക അനുകൂല്യവും നൽകി. ഏഴ് കോടിയുടെ വികസന പദ്ധതികൾ സ്വന്തം വാർഡിന് മാത്രമായി ചിലവഴിക്കാൻ കഴിഞ്ഞുവെന്നാണ് രൂപവാണിയുടെ അവകാശവാദം. നൂറു ശതമാനം ഫണ്ട് ചിലഴിച്ചു സംസ്ഥാന അവാർഡ് വാങ്ങിയിട്ടുണ്ട്.
'നാട്ടുമദ്ധ്യസ്ഥ' റോളിലും നാട്ടുകാർക്ക് പ്രിയങ്കരിയാണിവർ. അതിർത്തി പഞ്ചായത്തിലെ 17 വാർഡുകളിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴ് വീതവും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. യു.ഡി.എഫും സി.പി.എമ്മും ഒരുമിച്ചാണ് ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കിയത്.
ജനങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസം തന്നെയാണ് മുതൽക്കൂട്ട്. എന്നും അവരിൽ ഒരാളായുണ്ടാകും. കേരളത്തിന്റെ പദ്ധതികളും മോദിയുടെ വികസനവും ഇനിയും ഒരുമിച്ചു നടപ്പിലാക്കും .. രൂപവാണി ആർ .ഭട്ട്