കാസർകോട് : കർണാടകയിലെ ബാറുകളിൽ നിന്നും പെഗ്ഗ് അളന്ന് കൊടുക്കുന്നതിനിടെ പാഴാകുന്ന മദ്യം ശേഖരിച്ച് കാസർകോട്ടേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് അന്തർ സംസ്ഥാന ബസിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചയാളെ തടഞ്ഞു വച്ചു പരിശോധിച്ചതിൽ നിന്നാണ് പ്രതിയിൽ നിന്നും 10 ലിറ്റർ മദ്യം പിടികൂടിയത്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂർ കോറോത്തെ സുഗതനെ (42) യാണ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ നിന്നും ഇയാൾ 1,500 രൂപയ്ക്കാണ് മദ്യം വാങ്ങിയതെന്ന് എക്സൈസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇത്തരത്തിൽ ബാറിൽ നിന്നും പാഴായി പോകുന്ന മദ്യം ശേഖരിച്ച് കാസർകോട്ടേക്ക് കൊണ്ടുവരുന്ന വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ ഗിരീഷ്, എക്‌സൈസ് ഇൻസ്‌പെക്ടർ സുധാകരൻ, പ്രിവന്റീവ് ഓഫീസർമാരായ രാജീവൻ എം, ശെയ്ഖ് അബ്ദുൽ ബശീർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ പി.കെ എന്നിവരാണ് വാഹന പരിശോധന നടത്തിയത്.