കണ്ണൂർ: ഒരു വിഭാഗം സംഘടനകളുടെ പണിമുടക്കാഹ്വാനം തള്ളി കണ്ണൂർ സർവകലാശാലയിൽ ഹാജരായ ജീവനക്കാർക്ക് ഹാജർ രജിസ്റ്ററിൽ ഒപ്പ് വയ്ക്കാൻ കഴിഞ്ഞില്ല. സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരായ പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരുടെ ഓഫീസുകൾ അടച്ചുപൂട്ടിയതാണ് കാരണം.
പണിമുടക്ക് ദിവസം ഓഫീസിൽ ഹാജരാകുന്ന ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കണമെന്ന് സർവകലാശാലാ രജിസ്ട്രാർക്ക് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ കത്ത് നൽകിയിരുന്നു. ഹാജർ പുസ്തകം ലഭിക്കാത്തതിനാൽ സംഘടനാ ഭാരവാഹികൾ രജിസ്ട്രാറെ കണ്ട് പരാതിപ്പെട്ടപ്പോൾ മറ്റ് ബ്രാഞ്ചുകളുടെ കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥർ സൂക്ഷിക്കുന്ന പുറത്തെ രജിസ്റ്ററിൽ ഒപ്പിട്ടാൽ മതിയെന്നാണ് മറുപടി ലഭിച്ചത്. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച സർവകലാശാല അധികാരികളുടെ നടപടിയിൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു.