തളിപ്പറമ്പ്: കുറ്റ്യേരി ഗ്രാമം മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി മാറുന്നു. വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമെത്തുന്ന സഞ്ചാരികളെ ഹൃദ്യമായി വരവേറ്റ് നാടിന്റെ കാഴ്ചരുചി വിസ്മയങ്ങൾ അനുഭവവേദ്യമാക്കുന്നതിനൊപ്പം അത് കുറ്റ്യേരിയിലെയും സമീപ ഗ്രാമങ്ങളിലെയും തൊഴിൽ മേഖലകളെ ഉണർത്തുന്നതിന് പര്യാപ്തമാക്കുകയാണ് ലക്ഷ്യം.

ഇതിനായി 'സെവൻ വിംഗ്സ് ഹോളിഡേയ്സ് ആൻഡ് റിസോർട്ട്" കമ്പനി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കുപ്പം പുഴയിൽ വാട്ടർ സ്‌പോർട്സ്, കയാക്കിംഗ്, സിപ് ലൈൻ റിവർ ക്രോസ്സിംഗ് തുടങ്ങിയ സാഹസിക വിനോദസഞ്ചാര സംവിധാനങ്ങൾ ഒരുക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടെന്ന് സെവൻ വിംഗ്സ് ഹോളിഡെയ്സ് ആൻഡ് റിസോർട്സ് ചെയർമാൻ പി.വി. വത്സരാജൻ പറഞ്ഞു. വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഉത്തരവാദിത്വ ടൂറിസം പ്രവർത്തനത്തിലൂന്നിയുള്ള പദ്ധതി നടപ്പിലാക്കുന്നത്.

കണ്ടൽക്കോട്ടകൾക്കതിരിട്ട ജലവീഥികളിലൂടെയുള്ള ഉല്ലാസ ജലയാത്ര, സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യം, ആദ്യഘട്ടത്തിൽ ഹോം സ്റ്റേ, തുടർന്ന് റിസോർട്ട്, ഹോട്ടൽ എന്നിവയൊരുക്കുക ഈ പദ്ധതിയുടെ ഭാഗമാണ്. കുറ്റ്യേരി കേന്ദ്രീകരിച്ചുള്ള ഉത്തരവാദിത്വ ഗ്രാമം പദ്ധതിയിൽ സമീപ ഗ്രാമങ്ങളായ ഏഴോം, പരിയാരം, പട്ടുവം, ചപ്പാരപ്പടവ് എന്നിവയും ഉൾപ്പെടും.

ദൈനംദിന പ്രവർത്തനങ്ങളിലൂടെ

അധിക വരുമാനം

ഏഴോം കൈപ്പാട് അരിയും, പുഴമീൻ കറിയുമുൾപ്പെടുന്ന തനത് ഭക്ഷണ വൈവിദ്ധ്യം പരിചയപ്പെടുത്തുക, മത്സ്യബന്ധനവും കരകൗശല നിർമ്മാണവും കള്ള് ചെത്തും കുടുംബശ്രീ കുടിൽ വ്യവസായമുൾപ്പെടെയുള്ള വിവിധ മേഖലകളെ പരിചയപ്പെടുത്തുക, പരമ്പരാഗത തൊഴിൽ മേഖലകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യം. ഇത്തരമൊരു സംരംഭം വഴി ഗ്രാമീണമേഖലകളിലെ ദൈനംദിന പ്രവർത്തനങ്ങളെ തന്നെ അധികവരുമാനദായകമാക്കാൻ കഴിയും.