കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണ്ണം. കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസ്സുകൾ ഒന്നും തന്നെ സർവീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ വളരെ കുറച്ചു മാത്രമാണ് നിരത്തിലിറങ്ങിയത്. സർക്കാർ ഓഫീസുകളിലും ഹാജർ നില വളരെ കുറവായിരുന്നു. പണിമുടക്കിനെ തുടർന്ന് ജില്ലയിൽ പലയിടത്തും പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കി.
തലശ്ശേരിയിൽ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുയോഗം അഡ്വ: എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി. ഷൈജൻ അദ്ധ്യക്ഷത വഹിച്ചു. എം.സി. പവിത്രൻ, പൊന്ന്യം കൃഷ്ണൻ, എസ്.ടി ജയ്സൺ, കാന്തലോട്ട് വത്സൻ പ്രസംഗിച്ചു. കൂത്തുപറമ്പ് ടൗണും സമീപ പ്രദേശങ്ങളും നിശ്ചലമായി. മാർക്കറ്റ് പരിസരത്ത് നിന്നും ആരംഭിച്ച തൊഴിലാളി പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതാക്കളായ കെ. ധനഞ്ജയൻ, എം. സുകുമാരൻ, എൻ.കെ. ശ്രീനിവാസൻ, കെ. ബാബു, പവിത്രൻ, തൂണേരി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശീയ പണിമുടക്ക് പയ്യന്നൂരിൽ പൂർണ്ണമായി. കട കമ്പോളങ്ങൾ ഒന്നും തുറന്നില്ല. സർക്കാർ ഓഫീസുകളും ബാങ്കുകളും മറ്റും പ്രവർത്തിച്ചില്ല. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പയ്യന്നൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. ദേവസ്വം ബോർഡ് എംപ്ലോയിസ് യൂണിയൻ ജില്ല പ്രസിഡന്റ് ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. വി. നാരായണൻ, പി. സന്തോഷ്, പി.വി. കുഞ്ഞപ്പൻ, കെ. രാഘവൻ, കെ.കെ. കൃഷ്ണൻ, എൻ.പി. ഭാസ്‌കരൻ, എം. അനീഷ് കുമാർ, യു.വി. രാമചന്ദ്രൻ , വി.കെ. ബാബുരാജ് സംസാരിച്ചു.