തൃക്കരിപ്പൂർ: നൂറ്റാണ്ടിന്റെ ഗോൾ അടക്കം നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച ഇതിഹാസത്തിന്റെ വിയോഗത്തിൽ തേങ്ങി എട്ടാട്ടുമ്മൽ ആലുംവളപ്പ്. മുൻ ഈസ്റ്റ് ബംഗാൾ ക്യാപ്റ്റനും ഇന്ത്യൻ താരവുമായിരുന്ന എം. സുരേഷിന്റെ നേതൃത്വത്തിൽ യുവതാരങ്ങളടക്കമുള്ളവർ ഇന്നലെ വൈകീട്ട് ഫുട്ബാൾ ഇതിഹാസത്തിന്റെ ഫ്‌ളക്സിന് മുന്നിൽ ആദരാഞ്ജലിയർപ്പിച്ചു.
മറഡോണയുടെ കടുത്ത ആരാധകരുടെ ഈ ഗ്രാമം ഈ അതുല്യപ്രതിഭയെ എന്നും ഓർമ്മിക്കുന്ന വിധത്തിലൊരു സംവിധാനമൊരുക്കാനുള്ള ആലോചനയിലാണ്. ചടങ്ങ് നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി സ്ഥലത്തെത്തിയ അബ്ദുൾ റഹിമാൻ പന്തു തലയിൽ വച്ച് നടത്തിയ അഭ്യാസപ്രകടനം കുട്ടികൾക്ക് കൗതുകമായി. മറഡോണയോടുള്ള ആദരസൂചകമായി കുണ്ടേൻ കൊവ്വൽ മുതൽ കറുത്ത പതാകയും മറഡോണയുടെ ഛായ ചിത്രവുമായി വിവിധ പ്രദേശങ്ങളിലുടെ സൈക്കിളിൽ സഞ്ചരിച്ചാണ് ഉദ്ദേഹം സ്ഥലത്തെത്തിയത്.