കാഞ്ഞങ്ങാട‌്: രണ്ടു വർഷത്തിനകം 1000 വീടുകളിൽ ബയോഗ്യാസ‌് പ്ലാന്റ‌് സ്ഥാപിക്കുമെന്ന് കാഞ്ഞങ്ങാട് നഗരസഭ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് പ്രകടന പത്രിക. കാഞ്ഞങ്ങാടിന്റെ സർവതോന്മുഖമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രകടന പത്രികയാണ് മുന്നണി പുറത്തിറക്കിയത്. കാർഷികരംഗത്ത‌് വലിയ കുതിച്ചു ചാട്ടമാണ‌് ലക്ഷ്യമിടുന്നത‌്.

നെൽവയലുകൾ പൂർണമായും സംരക്ഷിക്കും. കാർഷിക ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ സ്വാശ്രയ ചന്തകൾ സ്ഥാപിക്കും. പാൽ ശേഖരണ - വിപണന ശൃംഖല വിപുലമാക്കും. വീടുകളിൽ സോളാർ സംവിധാനം ഏർപ്പെടുത്തും. കോളനികളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കും. യുവതീ- യുവാക്കൾക്ക‌് ആധുനിക തൊഴിലുകളിൽ പരിശീലനം നൽകും. ഹരിത കർമസേനയെ സ്ഥിര വരുമാനമുള്ളതാക്കും. പൂർണ നഗരശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കാമറ സ്ഥാപിക്കും. സർക്കാർ സ‌്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കും. ഡിജിറ്റൽ ക്ലാസ‌് മുറികൾ, ലൈബ്രറി, കായിക പരിശീലനകേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. കോട്ടച്ചേരി ബസ‌് സ‌്റ്റാൻഡിനു മുന്നിലുള്ള റോഡിൽ അണ്ടർ പാസേജ‌് നിർമിക്കും. 14, 17, 19, 26, 27 വാർഡുകളിലെ വെള്ളക്കെട്ട‌് ഒഴിവാക്കാൻ ലോകബാങ്ക‌് ഫണ്ട‌് ഉപയോഗിച്ച‌് ഓവുചാൽ പണിയും. എല്ലാ റോഡിലും തെരുവു വിളക്ക‌് സ്ഥാപിക്കും.

കുന്നുമ്മൽ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനവും പ്രകടനപത്രിക പ്രകാശനവും ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ നിർവഹിച്ചു. ഐ.എൻ.എൽ നേതാവ് ബിൽ ടെക് അബ്ദുള്ള അദ്ധ്യക്ഷനായി. സി.കെ ബാബുരാജ്, കൃഷ്ണൻ പനങ്കാവ്, പി.പി രാജു, കെ.എ പീറ്റർ, കെ. രാജ്മോഹൻ സംസാരിച്ചു. ഡി.വി അമ്പാടി സ്വാഗതം പറഞ്ഞു.

കൂടുതൽ ലക്ഷ്യങ്ങൾ

കുളം, കിണറുകൾ എന്നിവയുടെ സംരക്ഷണം

മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും

പട്ടികജാതി പട്ടികവർഗ ക്ഷേമത്തിന‌് പദ്ധതികൾ

സിവിൽ സർവീസ‌് അക്കാഡമിക്ക‌് കെട്ടിടം

എല്ലാ റോഡുകളിലും വെള്ളക്കെട്ട‌് ഒഴിവാക്കും

ആകാശപാത യാഥാർത്ഥ്യമാക്കും.

വൈദ്യുതി ഭവൻ റസ‌്റ്റ‌് ഹൗസ‌്

പ്രധാനകേന്ദ്രങ്ങളിൽ സ‌്ത്രീ സൗഹൃദ ശുചിമുറികളും മുലയൂട്ടൽ കേന്ദ്രങ്ങളും

സ‌്ത്രീ സംരംഭകർക്ക‌് മാനേജ‌്മെന്റ‌് പരിശീലനം

എല്ലാ വാർഡിലും കുട്ടികളുടെ കളിയിടങ്ങൾ

പൈതൃക നഗരം പദ്ധതി, മഞ്ഞുംപൊതിക്കുന്ന‌് ടൂറിസം പദ്ധതി