കൊട്ടിയൂർ: അമ്പായത്തോടിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു.അമ്പായത്തോട് സ്വദേശികളായ മണ്ണൂർ അനിൽ, അമ്മിണി ബാലകൃഷ്ണൻ എന്നിവരുടെ നിരവധി വാഴകളാണ് കാട്ടാന നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വനാതിർത്തിയിലുള്ള വൈദ്യുതവേലി തകർത്താണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്.
പുരയിടത്തിൽത്തന്നെ നിലയുറപ്പിച്ച കാട്ടാനയെക്കണ്ട അനിൽ വിവരമറിയിച്ചതിനെത്തുടർന്ന് ആനയെ തുരത്താൻ വനപാലകരും എത്തിച്ചേർന്നു. രാത്രികാലങ്ങളിൽ കമ്പി വേലിയിൽ വൈദ്യുതി പ്രവാഹമുണ്ടെങ്കിലും അതും മറികടന്ന് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത് പ്രദേശവാസികളുടെ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. ' വന്യമൃഗശല്യം ഇതുവരെ പരിഹരിക്കാൻ കഴിയാത്തവർക്ക് ഇവിടെ വോട്ടില്ല' എന്ന് സ്ഥാനാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്ന ബാനറുകൾ ഏതാനും ദിവസം മുമ്പ് അമ്പായത്തോടിലെ ചില വീടുകളുടെ മുന്നിൽ കർഷകർ സ്ഥാപിച്ചിരുന്നു.