prathima-

കാസർകോട്: വിവാദങ്ങൾക്ക് ഒടുവിൽ കാസർകോട് കളക്ട്രേറ്റിന് മുന്നിൽ ഗാന്ധിജിയുടെ വെങ്കല പ്രതിമയെത്തി. ശിൽപി ഉണ്ണി കാനായിയാണ് 22 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പ്രതിമ ഇന്നലെ പുലർച്ചെ സ്ഥാപിച്ചത്. കെ.പി കുഞ്ഞിക്കണ്ണൻ, എ.ഡി.എം. എ. ദേവീദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അനാവരണം ചെയ്തത്. പയ്യന്നൂർ കാനായിയിലെ ശില്പിയുടെ വീട്ടിൽ പൂർത്തിയാക്കിയ പ്രതിമയ്ക്ക് 12 അടി ഉയരവും നാല് അടിയുള്ള പീഠവുമുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിമയാണിത്. 1997 ലാണ് കാസർകോട് കളക്ടറേറ്റിൽ ഗാന്ധിയുടെ വെങ്കല പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്.

സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷത്തിനായി ചേർന്ന യോഗത്തിൽ ഉദുമ എം.എൽ.എയായിരുന്ന കെ.പി കുഞ്ഞിക്കണ്ണനാണ് ആശയം മുന്നോട്ടുവച്ചത്. മുഖ്യമന്ത്രി എ.കെ ആന്റണി കളക്ടറേറ്റിൽ സ്ഥലവും അനുവദിച്ചു. ജില്ലക്കാരനും ശിൽപിയുമായ കാനായി കുഞ്ഞിരാമനെയാണ് ആദ്യം പ്രതിമ നിർമാണത്തിനായി സമീപിച്ചത്. 50 ലക്ഷത്തിന് കരാറായെങ്കിലും തുക അനുവദിച്ച് കിട്ടാൻ വൈകിയതോടെ നിർമ്മാണം അനിശ്ചിതത്വത്തിലായി. പിന്നീടു വന്ന എൽ.ഡി.എഫ് സർക്കാരിനു മുൻപിൽ പ്രതിമ നിർമ്മാണത്തിനു തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയൽ എത്തിയെങ്കിലും സാങ്കേതിക കുരുക്കിൽപ്പട്ടു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് വെങ്കല പ്രതിമ നിർമ്മാണത്തിന് പുരോഗതിയുണ്ടായത്.

ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബുവിന്റെ ഇടപെടലോടെ നിർമ്മാണത്തിന് ക്വട്ടേഷൻ വിളിച്ചു. 2019 നവംബറിൽ ലഭിച്ച രണ്ട് ക്വട്ടേഷനുകളിൽ കുറഞ്ഞ തുക കാണിച്ച ഉണ്ണി കാനായിക്ക് 22 ലക്ഷം രൂപയ്ക്ക് നിർമ്മാണ അനുമതി നൽകുകയായിരുന്നു. പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്നും സംഭാവന സ്വീകരിച്ചാണ് തുക കണ്ടെത്തിയത്. എന്നാൽ വെങ്കല പ്രതിമയായതിനാൽ അധികം സമയം വേണ്ടി വരുമെന്ന് ശിൽപി അറിയിച്ചിരുന്നു. മാർച്ച് 12 വരെ സമയം കളക്ടർ നീട്ടി നൽകി. വെങ്കല പ്രതിമയ്ക്ക് ഇനിയും മാസങ്ങളോളം സമയമെടുക്കുമെന്ന് ശിൽപി അറിയിച്ചതിനെ തുടർന്ന് തൽക്കാലം വെങ്കല പ്രതിമയ്ക്ക് പകരം ഫൈബർ പ്രതിമ നിർമ്മിക്കാമെന്നായി കമ്മിറ്റി. പ്രതിമ നിർമാണം ജനുവരി 30 ന് പൂർത്തീകരിക്കുന്നതിനാണ് ശിൽപിയ്ക്ക് കരാർ നൽകിയത്. ഇതേ തുടർന്ന് മൂന്നുമാസം കൊണ്ട് ശിൽപി ഉണ്ണി കാനായി രണ്ടരലക്ഷം രൂപ ചിലവിട്ട് ഫൈബർ പ്രതിമ നിർമിച്ചു. ഇത് വിവാദത്തിന് തിരികൊളുത്തി. ഇക്കഴിഞ്ഞ ജനുവരി 30ന് അനാവരണം ചെയ്തത് ഫൈബർ പ്രതിമയാണെന്ന് അറിഞ്ഞില്ലെന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ പരസ്യമായി പറഞ്ഞതോടെ വിവാദം ആളിക്കത്തി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രതിമ സ്ഥാപിക്കാമെന്നാണ് ശിൽപി സമിതിക്ക് ഉറപ്പു നൽകിയത്. എന്നാൽ അത് നടപ്പായില്ല. ലോക്ക്ഡൗൺ കാരണം സാധന സാമഗ്രി ലഭിക്കാതെ വന്നതിനാലാണ് ആദ്യം മുടങ്ങിപ്പോയത്. എന്നാൽ ഗാന്ധിജയന്തി ദിനത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളിക്ക് കൊവിഡ് ബാധിച്ച് ശിൽപി നിരീക്ഷണത്തിൽ പോകേണ്ടി വന്നതിനാൽ പ്രതിമ സ്ഥാപിക്കൽ നീണ്ടുപോകുകയായിരുന്നു.