കണ്ണൂർ: തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ നേരിട്ടും ഫോണിലൂടെയും കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തി ചൊൽപ്പടിക്കു നിർത്താൻ ശ്രമിക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോർപറേഷൻ വരണാധികാരികളിലൊരാളായ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരെ കെ. സുധാകരൻ എം.പി നേരിട്ടെത്തിയാണ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നിശ്ചിതസമയത്തിനുശേഷമെത്തിയ കോൺഗ്രസ് വിമതസ്ഥാനാർത്ഥിക്ക് പത്രിക പിൻവലിക്കാൻ കഴിയാത്തതിന്റെ പേരിലായിരുന്നു ഭീഷണി. തുടർന്ന് മറ്റു ചില ഉദ്യോഗസ്ഥർക്കെതിരെയും കോൺഗ്രസ് നേതാക്കൾ ഫോണിൽക്കൂടി നിരന്തരം ഭീഷണി മുഴക്കുകയാണ്.
ഉദ്യോഗസ്ഥരെ വരുതിയിലാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ വി.ടി ബൽറാമിനെപ്പോലുള്ള നേതാക്കൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുന്നു. സി.പി.എം ഭീഷണി കാരണം ആന്തൂരിലെ മൂന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഒളിവിൽ പോകേണ്ടിവന്നുവെന്നാണ് ബൽറാമിന്റെ കള്ളക്കഥ. ആന്തൂരിൽ കോൺഗ്രസിന് 14 സ്ഥാനാർത്ഥികളുണ്ട്. മൂന്നുപേരെ ബൽറാം ഒളിവിൽ പാർപ്പിച്ചാണ് സ്ഥാനാർത്ഥിത്വം സംരക്ഷിച്ചതെങ്കിൽ മറ്റു 11 പേരുടെ സ്ഥാനാർത്ഥിത്വം ഇപ്പോഴും നിലനിൽക്കുന്നത് എങ്ങനെയാണ്. ആന്തൂരിൽ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും പത്രിക പിൻവലിച്ചിട്ടില്ല. എൽ.ഡി.എഫിന് ആറു സീറ്റുകൾ എതിരില്ലാതെ ലഭിച്ചത് യു.ഡി.എഫുകാർ പത്രിക നൽകാഞ്ഞിട്ടാണ്. തലശേരി നഗരസഭയിൽ നിർദ്ദേശിക്കാനും പിന്താങ്ങാനും വരെ ആളെക്കിട്ടാതെ കള്ളയൊപ്പിട്ട് പത്രിക നൽകിയതും ഒടുവിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നായപ്പോൾ നാണംകെട്ട് പിൻവലിക്കേണ്ടിവന്നതും മറക്കരുത്. എം.എൽ.എകൂടിയായ ബൽറാം വായിൽതോന്നിയതെന്തും വിളിച്ചു പറയാതെ രാഷ്ട്രീയ സത്യസന്ധതയും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.