കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഇന്നുമുതൽ കൊവിഡ് ചികിത്സയില്ല. മാർച്ച് 29 മുതലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി പ്രവർത്തിക്കാൻ തുടങ്ങിയത്. അഞ്ചുദിവസം പ്രായമുള്ള കുഞ്ഞു മുതൽ 99 വയസുള്ള അന്നമ്മ വരെ 4647 രോഗികൾ ഇവിടെനിന്ന് ചികിത്സ തേടിയിരുന്നു. ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലെ അവസാന രോഗിക്കൊപ്പം അവരെ പരിചരിച്ച ഡോക്ടർമാരും മറ്റ് ജീവനക്കാരും പടിയിറങ്ങും.
തുടർന്ന് മെഡിക്കൽ കോളേജ് ഉടമസ്ഥർക്ക് തിരിച്ചേൽപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതി പരിചരണത്താൽ മറികടന്ന ശുചീകരണ ജീവനക്കാർ മുതൽ ഡോക്ടർമാർ വരെയുള്ള സംഘം ത്യാഗപൂർണമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. ഏഴ് ഡോക്ടർമാരടക്കം 32 പേരാണ് ആദ്യ സംഘത്തിൽ ഉണ്ടാരുന്നത്. എട്ടുമാസങ്ങൾക്ക് ശേഷം 4637 പേർ ഇവിടെനിന്ന് രോഗം ഭേദമായി മടങ്ങി. മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക് അടക്കമുള്ളവർ സെന്ററിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ മുന്നിലുണ്ടായിരുന്നു.