കാഞ്ഞങ്ങാട്: എറണാകുളം -നിസാമുദ്ദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് കാസർകോട് -കണ്ണൂർ ജില്ലകളിലുള്ള മൂന്ന് സ്റ്റോപ്പുകൾ ഉൾപ്പെടെ എട്ട് സ്റ്റോപ്പുകൾ നിർത്തലാക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇക്കാര്യത്തിൽ കടുത്ത എതിർപ്പുമായി യാത്രക്കാർ രംഗത്തെത്തുകയാണ്. കൊവിഡ് കാരണം പല ട്രെയിനുകളും ഓടാത്ത സാഹചര്യമുള്ളപ്പോഴാണ് മംഗളയുടെ സ്റ്റോപ്പുകൾ നിർത്തലാക്കുന്നത്. വളരെകാലമായി ഈ സ്റ്റോപ്പുകളിൽ നിന്ന് മംഗള എക്സ്പ്രസിനെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരുണ്ട്.

കാസർകോട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, നീലേശ്വരം, കണ്ണൂർ ജില്ലയിലെ പഴയങ്ങാടി എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്കാണ് മരണമണി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ഫറോക്ക്, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, കുറ്റിപ്പുറം, പാലക്കാട് പട്ടാമ്പി എന്നീ സ്റ്റേഷനുകളിലും ഇനി മംഗള നിർത്തില്ലെന്നാണ് അറിയുന്നത്. ഡിസംബർ ഒന്ന് മുതൽ ഈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ എട്ട് സ്റ്റേഷനുകളിലും നിർത്തേണ്ടതില്ലെന്നാണത്രെ നിർദ്ദേശം.

ഡിസംബർ ഒന്നിന് നിലവിൽ വരുന്ന പുതിയ റെയിൽവേ ടൈം ടേബിളിൽ സമൂല മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനുകളുടെ വേഗത കൂട്ടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 10,200 സ്റ്റോപ്പുകൾ എടുത്തു കളയാനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. ഇതനുസരിച്ചാണ് മംഗള ലക്ഷദ്വീപ് -നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കേരളത്തിലെ സ്റ്റോപ്പുകളും വെട്ടിക്കുറയ്ക്കുന്നത്.

ലാഭകരമല്ലാത്ത കുറേ ട്രെയിനുകൾ നിർത്തൽ ചെയ്യാനും വിവിധ ഹാൾട്ട് സ്റ്റേഷനുകൾ പൂർണമായി ഇല്ലാതാക്കാനും നിർദ്ദേശമുണ്ട്. കഴിഞ്ഞ വർഷം തെക്കോട്ടു ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കിയത് ദേർലകട്ടെ, മുടിപ്പ് ഭാഗങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന കാസർകോട്ടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിരുന്നു.

പാസഞ്ചർ ട്രെയിനുകളും

പിടിവിടോടും

200 കിലോമീറ്ററിലധികം ഓടുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസ് ആയി ഉയർത്താനും പദ്ധതിയുണ്ട്.

ഇതോടെ മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ എക്സ്പ്രസ് ട്രെയിനായി മാറും. മംഗളൂരു-കോയമ്പത്തൂർ ട്രെയിനിന് പുറമെ മംഗളൂരു- കോഴിക്കോട് പാസഞ്ചറും എക്സ്പ്രസാകും. ഇത് യാത്രക്കാരുടെ പോക്കറ്റും കാലിയാക്കും. ഇവയുടെ പല സ്റ്റോപ്പുകളും ഇല്ലാതാവും. ഇപ്പോൾ പാസഞ്ചർ ട്രെയിനിന്റെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 10 രൂപയാണെങ്കിൽ എക്സ്പ്രസിൽ അത് മൂന്നിരട്ടിയായ 30 രൂപയാണ്.

നിർത്തലാക്കുന്ന സ്റ്റോപ്പുകൾ

കാഞ്ഞങ്ങാട്

നീലേശ്വരം

പഴയങ്ങാടി