ചെറുവത്തൂർ: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥികളെ വോട്ട് തേടുന്നതിനിടയിൽ തടഞ്ഞ് നിർത്തി കൈയേറ്റം ചെയ്തതായി പരാതി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ പഞ്ചായത്ത് അംഗവുമായ എം.വി. ജയശ്രീ (38), നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ചെറുവത്തൂർ രണ്ടാം ഡിവിഷൻ സ്ഥാനാർത്ഥി കെ. വല്ലി (46) എന്നിവർക്ക് നേരെയാണ് ചെറുവത്തൂരിൽ വച്ച് കൈയേറ്റമുണ്ടായതായി പരാതി. ബസ് സ്റ്റാൻഡ് പരിസരത്തെ കണ്ണംകുളം ഭാഗത്ത് ഒന്നരയോടെ വീടുകളിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോഴാണ് മൂന്ന് പേരുടെ നേതൃത്വത്തിൽ അതിക്രമമെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കൈയേറ്റവുമായി ബന്ധപ്പെട്ട് തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനും യു.ഡി.എഫ് സ്ഥാനാർത്ഥികളായ എം.വി. ജയശ്രീയും കെ. വല്ലിയും പരാതി നൽകി.