bindu
ബിന്ദു രാജൻകുട്ടി തെങ്ങുകയറ്റത്തിനിടെ

ചെറുപുഴ: സംവരണത്തെ വിമർശിച്ച സ്ത്രീകൾക്ക് തെങ്ങേൽകയറാകുമോ എന്ന വെല്ലുവിളി ഏതായാലും പെരിങ്ങോം-വയക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു രാജൻകുട്ടിയോട് വേണ്ട.തെങ്ങുകയറി ഉപജീവനം കഴിക്കുന്നതോടൊപ്പം സാമൂഹ്യപ്രവർത്തനത്തിലും സജീവമായാണ് ഇവരുടെ സ്ഥാനാർത്ഥിത്വം.

തെങ്ങുകയറ്റക്കാരെ കിട്ടാൻ പാടാണെന്നതിനാൽ സ്ഥാനാർത്ഥിയോട് അങ്ങനെയങ്ങ് മുഖം തിരിച്ചുകളയാൻ ഏതായാലും ഇവിടത്തെ വോട്ടർമാർക്ക് സാധിക്കില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഠിനമായ അദ്ധ്വാനിക്കാനുള്ള മനസാണ് ഈ സ്ഥാനാർത്ഥിയെ വ്യത്യസ്തമാക്കുന്നത്.ജനകീയപ്രശ്നങ്ങളിൽ ഇടപെട്ട് സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നാണ് ബിന്ദുവിന്റെ അഭിപ്രായം. ജനം ഏൽപ്പിക്കുന്ന ഉത്തരവാദിത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും ഈ46കാരി പറഞ്ഞു.

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സ്തീകൾക്കായി ജില്ലാതലത്തിൽ നടത്തിയ ക്യാമ്പിലൂടെയാണ് ബിന്ദു തെങ്ങുകയറ്റത്തിൽ പരിശീലനം നേടിയത്. അപകടകരമെങ്കിലും വരുമാനം ഉറപ്പുള്ള തൊഴിൽ എന്ന നിലയിൽ തെങ്ങുകയറ്റത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ബിന്ദു.

എൽ.ഡി. എഫും, യു.ഡി.എഫും നേരിട്ട് മത്സരിക്കുന്ന വാർഡിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കെ. കോമളവല്ലിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. തൊഴിൽ രംഗത്തെ ലിംഗ വിവേചനത്താൽ ഒരു മേഖലയിലും ആരെയും മാറ്റി നിർത്താനാവില്ലെന്ന പാഠം കൂടിയാണ് ഈ സ്ഥാനാർത്ഥി.. എം.ബി.ബി.എസ് വിദ്യാർത്ഥിയായ അതിൽരാജ് , ബിരുദവിദ്യാർത്ഥിയായ നിധിൻരാജ് എന്നിവരാണ് ബിന്ദുവിന്റെ മക്കൾ.