കാഞ്ഞങ്ങാട്: ചെങ്കൽ ക്വാറികൾ 30 മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ചെങ്കൽ ക്വാറി ഓണേഴ്‌സ് ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. ജില്ലയിലെ ചെങ്കൽ ക്വാറികളിൽ റവന്യു, പൊലീസ്, ജിയോളജി വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന പീഡനത്തിൽ പ്രതിഷേധിച്ചാണ് ക്വാറികൾ അടച്ചിടുന്നതെന്ന് അവർ അറിയിച്ചു.

നാനൂറോളം ചെങ്കൽ പണകളിലായി പതിനായിരത്തോളം തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. അനുബന്ധ മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ ജില്ലയിലെ ഇരുപതിനായിരം പേരുടെ ജീവിതമാർഗമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ലൈസൻസ് നിഷേധിച്ചതിന്റെ പേരിൽ ഇല്ലാതാകുന്നത്. ചെങ്കല്ല് കയറ്റിപ്പോകുന്ന വാഹനങ്ങൾ പിടികൂടി മാസങ്ങളോളം വിട്ടു കൊടുക്കുന്നില്ല. സർക്കാരിന്റെ പെർമിറ്റെടുത്ത് പ്രവർത്തിക്കാൻ തയാറുള്ള ക്വാറി വ്യവസായം സംരക്ഷിക്കാനും ഉദ്യോഗസ്ഥരുടെ പീഡനം ഒഴിവാക്കാനും സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപേകാൻ വലിയ പ്രയാസമാകും.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് രാഘവൻ വെളുത്തോളി, ജില്ലാപ്രസിഡന്റ് നാരായണൻ കൊളത്തുർ എന്നിവർ പങ്കെടുത്തു.