election

പാനൂർ: 40 വാർഡുകളുള്ള പാനൂർ നഗരസഭയിൽ മുൻതൂക്കം യു.ഡി.എഫിനാണെങ്കിലും നഗരസഭയിൽ ഇത്തവണ സമൂലമാറ്റം വരുമെന്ന പ്രതീക്ഷയോടെയാണ് എൽ.ഡി.എഫ് ശക്തമായി മത്സരരംഗത്തുള്ളത്. അതേസമയം നിലവിലുള്ള 3 സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം കൂടതൽ സീറ്റുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് ഒന്നാം വാർഡിൽ ജനവിധി തേടുന്നുണ്ട്. അടിയൊഴുക്കുകൾ പ്രതീക്ഷിച്ച് ഇരു മുന്നണികളും സ്വതന്ത്രരെയും മത്സരിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫ് അഞ്ച് സ്വതന്ത്രർക്കും യു.ഡി.എഫ് രണ്ട് സ്വതന്ത്രർക്കും പിന്തുണ നല്കുന്നുണ്ട്. മുസ്ലീം ലീഗ് 20 വാർഡുകളിലും കോൺഗ്രസ് 18 വാർഡുകളിലുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം. 25 വാർഡുകളിലും എൽ.ജെ.ഡി ആറു വാർഡുകളിലും സി.പി.ഐ, എൻ.സി.പി, കോൺഗ്രസ് എസ്, ഐ.എൻ.എൽ പാർട്ടികൾ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ 38 വാർഡുകളിൽ മത്സരിക്കുന്നുണ്ട്.

കഴിഞ്ഞ തവണ 13 സീറ്റ് നിലനിർത്തിയ എൽ.ഡി.എഫ് ഇത്തവണ കൂടുതൽ സീറ്റ് നേടുമെന്ന ഉറച്ചവിശ്വാസത്തിലാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ മുരടിപ്പും യു.ഡി.എഫിൽ നിന്നും എൽ.ജെ.ഡി. ഇടതിലെത്തിയതും ഈ വിശ്വാസത്തിന് ശക്തി പകരുന്നു. എന്നാൽ കഴിഞ്ഞ തവണ നിലനിർത്തിയ 24 വാർഡുകൾ കൂടാതെ കൂടുതൽ വാർഡുകൾ

ലഭിക്കുെമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. വികസനമാണ് ഭരണമുന്നണി മുന്നോട്ടുവെക്കുന്നത്.

കഴിഞ്ഞ തവണ മൂന്നു സീറ്റ് ലഭിച്ച ബി.ജെ.പി ഇത്തവണ കൂടുതൽ സീറ്റുനേടുമെന്നുറച്ച് വിശ്വസിക്കുന്നു. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ അടിസ്ഥാന വർഗ്ഗങ്ങൾക്ക് ഏറെ ഗുണകരമാണ്. വികസന മുരടിപ്പിൽ മടുത്ത ജനങ്ങൾ എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി ക്കുള്ളത്.

കരുത്തോടെ യുവാക്കൾ

യുവാക്കൾക്ക് പ്രാധാന്യം നല്കി ശക്തരായ സ്ഥാനാർത്ഥികെളെയാണ് ഇത്തവണ മുന്നണികൾ മത്സരരംഗത്ത് ഇറക്കിയിട്ടുള്ളത്. മുൻ മന്ത്രി പി.ആർ. കുറുപ്പിന്റെ ചെറുമകൻ എൽ.വൈ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീൺ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ.സുധീർ കുമാർ, എം.ടി.കെ.ബാബു, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം ടി.പി ശബ്നം, കൂത്തുപറമ്പ് മണ്ഡലം മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് എൻ.എ. കരിം, പി.കെ.ഇബ്രാഹിം ഹാജി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി ഹാഷിം, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ പാനൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രീത അശോക്, മഹിള മോർച്ച മുൻജില്ല പ്രസിഡന്റ് എൻ. രതി, ജില്ല വൈസ് പ്രസിഡന്റ് സി.പി. സംഗീത. ബി.ഡി.ജെ.എസ് യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതിയംഗം ചിത്രൻ കണ്ടോത്ത് മുതലായവർ ഇതിൽപ്പെടുന്നു.