ചെറുവത്തൂർ: റോഡിനോടൊപ്പം നടപ്പാതയും ഉയർത്താത്തത് കാരണം നിയന്ത്രണം തെറ്റിയ ലോഡും ലോറി മറിഞ്ഞു . ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ചെറുവത്തൂർ ചെക് പോസ്റ്റിന് സമീപത്താണ് അപകടം. ഗുജറാത്തിൽ നിന്നും കോഴിക്കോടേക്ക് പാൽപ്പൊടിയുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞമാസം മരം കയറ്റിപ്പോവുകയായിരുന്ന ഒരു ലോറി ഇതേ രീതിയിൽ മറിഞ്ഞിരുന്നുവെന്നും റോഡിന്റെയും നടപ്പാതയുടെയും ഉയര വ്യത്യാസം കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും പരിസരവാസികൾ പറയുന്നു. ഗ്യാസ് ടാങ്കറുകൾ അടക്കം കടന്നു പോകുന്ന പാതയായതിനാൽ റോഡരികിൽ താമസിക്കുന്ന കുടുംബങ്ങൾ കടുത്ത ആശങ്ക പുലർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഞാണംകൈ ഇറക്കത്തിൽ ഉയർച്ച താഴ്ച കാരണം ഇരുചക്ര വാഹനം റോഡിൽ നിന്നും തെന്നി മാറിയിരുന്നു. ഭാഗ്യത്തിന് അപകടം ഉണ്ടായില്ല.
റോഡും നടപ്പാതയുമായുള്ള ഉയര വ്യത്യാസം ദേശീയ പാതയിൽ പലയിടത്തും അപകട സാദ്ധ്യത ഉണ്ടാക്കുന്നുവെന്ന് ഡ്രൈവർമാരും നാട്ടുകാരും നേരത്തെ പരാതി ഉയർത്തിയിട്ടുണ്ട്. എന്നാൽ പരിഹാരം ഉണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പ് തയാറായിട്ടില്ല. റോഡുകൾ പലവട്ടം നവീകരിക്കുന്നത് കാരണമാണ് ഉയരം കൂടാൻ കാരണം. എന്നാൽ റോഡ് ഉയരുന്നതിനനുസരിച്ച് റോഡരിക് മണ്ണിട്ടുയർത്താൻ കാണിക്കുന്ന അലംഭാവമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.