കാഞ്ഞങ്ങാട്: ഗാർഹിക ഉപഭോക്താക്കൾക്ക് കുഴലിലൂടെ പാചകവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. ഗെയിൽ പൈപ്പ് ലൈനിന്റെ ഭാഗമായി കോട്ടപ്പാറയിൽ സ്ഥാപിച്ച ടെർമിനലിൽനിന്ന് അജാനൂർ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും വിവിധ പ്രദേശങ്ങളിലേക്കാണ് ആദ്യം പ്രകൃതി വാതകം എത്തിക്കുക. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന മുറയ്ക്ക് ഗാർഹിക ഉപഭോക്താക്കളിൽനിന്ന് ഇതിനായി അപേക്ഷ ക്ഷണിക്കും.
കോട്ടപ്പാറയിൽനിന്ന് മാവുങ്കാൽ മൂലക്കണ്ടം വഴി ദേശീയപാത മുറിച്ച് മൂലക്കണ്ടം -വെള്ളിക്കോത്ത് -മഡിയൻ റോഡിലൂടെയാണ് കാഞ്ഞങ്ങാട് നഗരത്തിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. മഡിയൻ ജംഗ്ഷനിൽനിന്ന് കെ.എസ്.ടി.പി റോഡരികിലൂടെ കാഞ്ഞങ്ങാട് ഭാഗത്തേക്കും ചിത്താരി ഭാഗത്തേക്കും പൈപ്പ് ലൈനുകൾ സ്ഥാപിക്കും. ഇതിൽ ചിത്താരി ഭാഗത്തേക്കുള്ള പൈപ്പ് ലൈൻ അടുത്ത ഘട്ടത്തിൽ പള്ളിക്കര ഉദുമ-മേൽപ്പറമ്പ് വഴി കാസർകോട്ടേക്ക് ദീർഘിപ്പിക്കാനാകും.
ദേശീയപാതയെയും കെ.എസ്.ടി.പി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂലക്കണ്ടം വെള്ളിക്കോത്ത് -മഡിയൻ റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തികളും ഇപ്പോൾ നടന്നുവരികയാണ്. ഈ റോഡിന്റെ മെക്കാഡം ടാറിംഗ് നടക്കുന്നതിനുമുമ്പായി ഇതുവഴി പൈപ്പ് ലൈനുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി മൂലക്കണ്ടത്ത് പൈപ്പുകൾ ഇറക്കി പ്രാരംഭപ്രവൃത്തികൾ തുടങ്ങിക്കഴിഞ്ഞു. ഈ റോഡിലൂടെ പൈപ്പ് ലൈൻ ഇടുന്ന ജോലി ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ധാരണ.
മീറ്റർ ചാർജ്ജ് മതി
ജല അതോറിറ്റിയുടെ മാതൃകയിൽ പ്രധാന പൈപ്പ് ലൈനിൽനിന്ന് വണ്ണം കുറഞ്ഞ പൈപ്പുകളിലൂടെയാകും വീടുകളിലേക്ക് പാചകവാതകം എത്തിക്കുക. ഇപ്പോൾ സിലിണ്ടറുകളിൽ ലഭിക്കുന്ന എൽ.പി.ജി വാതകത്തേക്കാൾ താരതമ്യേന കുറഞ്ഞ വിലയുള്ള പ്രകൃതിവാതകമാണ് സിറ്റി ഗ്യാസിനായി ഉപയോഗിക്കുന്നത്.
വീടുകളിലേക്കുള്ള പൈപ്പ് ലൈനിൽ മീറ്റർ സ്ഥാപിച്ച് ഉപഭോഗത്തിനനുസരിച്ച ബില്ലാകും ഉപഭോക്താക്കൾക്ക് ലഭിക്കുക. ഈ രണ്ടു ഘടകങ്ങളും ഗാർഹിക ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ പദ്ധതി വ്യാപിപ്പിക്കും