കണ്ണൂർ: ജനസ്വാധീനം നഷ്ടപ്പെട്ട് പരാജയം മുന്നിൽ കാണുന്ന സി.പി.എം എതിർ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പി സ്ഥാനാർത്ഥിയായതിന്റെ പേരിൽ അവരുടെ വീടുകളിൽ പോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കുകയാണ്. കോടികളുടെ അഴിമതി നടത്തി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ സി.പി.എം നേതൃത്വത്തിനെതിരെ അണികൾ പോലും ശബ്ദിച്ച് തുടങ്ങിയിരിക്കുന്നു. സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് പകരം ജനാധിപത്യത്തെ സി.പി.എം അട്ടിമറിക്കുകയാണ്. ശ്രീകണ്ഠപുരം നെടുങ്ങോത്ത് പതിനേഴാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഇ.വി. മോഹനന്റെ വീട്ടിലേക്കുള്ള വഴി സി.പി.എമ്മുകാർ ചെങ്കല്ല് നിരത്തി തടസ്സപ്പെടുത്തി. തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക കൊടുത്തതു മുതൽ ഇവിടെ ജീവിക്കാനാവില്ലെന്ന ഭീഷണിയായിരുന്നു. നാൽപത് വർഷമായി ഉപയോഗിക്കുന്ന വഴിയാണ് തടസ്സപ്പെടുത്തിയത്. കളക്ടർ, എസ്.പി, വില്ലേജ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ തുടങ്ങി എല്ലാവർക്കും പരാതി നൽകി. എന്നാൽ നടപടിയുണ്ടായില്ല. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ പൊലീസ് പറഞ്ഞത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അവിടെ ജീവിക്കേണ്ടേയെന്നാണ്. ഇ.പി. ജയരാജന്റെ സഹോദരി ഇ.പി. ഭാർഗവിയുടെ നേതൃത്വത്തിലാണ് വഴി അടച്ചത്. തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാരുൾപ്പടെയുള്ളവർ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്ന ഭയമാണ് സി.പി.എം നേതൃത്വത്തിനെന്നും ഹരിദാസ് പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാർ, ബിജു ഏളക്കുഴി, ബി.ജെ.പി ശ്രീകണ്ഠപുരം പതിനേഴാം വാർഡ് സ്ഥാനാർത്ഥി ഇ.വി. മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.