jilla-panchayath

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് നിലനിർത്താൻ എൽ.ഡി.. എഫും പിടിച്ചെടുക്കാൻ യു..ഡി.. എഫും തീരുമാനിച്ചുറച്ചതോടെ ഇത്തവണ പോര് മുറുകുമെന്നുറപ്പ്. ജില്ലാ പഞ്ചായത്തിന്റെ കാൽനൂറ്റാണ്ട് കാലത്തിന്റെ ചരിത്രത്തിൽ യു.ഡി. എഫിന് ഒരു തവണ പോലും പച്ച തൊടാനായില്ല. എന്നാൽ ഇത്തവണ ചരിത്രം വഴി മാറുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി. അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്ക് ഉജ്വല വിജയമായിരുന്നു. പ്രതിപക്ഷ നിര പൊതുവെ ദുർബലമായിരുന്നു.

ഇതിനൊരപവാദം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാത്രമായിരുന്നു. ആകെയുള്ള 24 സീറ്റിൽ യു.ഡി.എഫിന് ഒൻപത് സീറ്റ് നേടാൻ കഴിഞ്ഞു. ഇക്കുറി യു.ഡി.എഫ് ഗൗരവമായാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ചരിത്രത്തിലാദ്യമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയെ മുൻകൂട്ടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയും യു.ഡി.എഫിനുണ്ട്.

കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണിപ്രവേശനത്തോടെ മലയോരമേഖലയിലെ ഡിവിഷനുകളിലടക്കം വലിയ മുന്നേറ്റമുണ്ടാക്കാമെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ. ജില്ലയിൽ ശക്തമായ സംഘടനാസംവിധാനമുള്ള ബി.ജെ.പിയും അരയും തലയും മുറുക്കിയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ കാണുന്നത്.

ദിവ്യ vs ലിസി

ഉളിക്കൽ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ഡി.സി.സി സെക്രട്ടറിയും മുൻ കേളകം പഞ്ചായത്ത് പ്രസിഡന്റുമായ ലിസി ജോസഫിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ പ്രതീക്ഷയില്ലാത്തതിനാൽ ഇത്തരമൊരു പതിവ് കണ്ണൂരിലെ യു.ഡി.എഫിനുണ്ടാകാറില്ല.
കല്യാശേരി ഡിവിഷനിൽ നിന്നു മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.. ദിവ്യയെയാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് സി..പി.. എം നിയോഗിച്ചത്.

കണ്ണൂർ ജില്ലാപഞ്ചായത്ത് 2015

ആകെ 24

എൽ.ഡി.എഫ് 15

യു.ഡി.എഫ് 9