കാസർകോട്. ഏഴായിരം രൂപ വാടക വാങ്ങി കോടതി ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി വിട്ടുകൊടുത്തത് തുരുമ്പിച്ച പഴഞ്ചൻ വണ്ടി. ബസ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ഡിപ്പോയിൽ പോയപ്പോൾ കയർത്തുസംസാരിച്ചെന്ന് കെ.എസ്.ആർ.ടി.സിക്കെതിരെ കോടതി ജീവനക്കാരുടെ അന്യായവും.
ഡിപ്പോയിൽ നിർത്തിയിട്ട ഡീലക്സ് ബസ് വിട്ടുതരണമെന്നായിരുന്നു കോടതിജീവനക്കാരുടെ ആവശ്യം. നല്ല ബസുകൾ കെട്ടിക്കിടന്നിട്ടും വിട്ടുതരുന്നില്ലെന്നും കോടതി ജീവനക്കാർ പരാതിപ്പെട്ടു. തുടർന്നും ഓടാൻ നൽകിയത് കിതച്ചുകൊണ്ട് ഓടുന്ന ബസ്. പയ്യന്നൂരിൽ നിന്ന് കാസർകോട്ടേക്കുള്ള യാത്രയിൽ ഒരുതവണ പെരിയയിൽ വച്ച് ബസ് കേടാകുകയും ചെയ്തു. ഇതിനുശേഷം ചുരുങ്ങിയ വാടക നൽകി സ്വകാര്യബസ് ഏർപ്പെടുത്തുകയായിരുന്നു കോടതി ജീവനക്കാർ. രാജ്യം മുഴുവൻ പെർമിറ്റുള്ള കോൺട്രാക്ട് കാരേജ് ബസിലാണ് തങ്ങൾ യാത്ര ചെയ്യുന്നതെന്നാണ് കോടതി ജീവനക്കാർ പറയുന്നത്.
ഈ ബസിലെ യാത്ര വിലക്കിയിട്ടില്ലെന്നും കൊവിഡ് മാനദണ്ഡം പാലിച്ചാൽ മതിയെന്നും വിഷയം ചർച്ച ചെയ്ത യോഗത്തിൽ ആർ.ടി.ഒ പറഞ്ഞിരുന്നു. വാടകയായി നൽകിയ 56,000 രൂപയ്ക്ക് കെ.എസ്.ആർ.ടി.സി ജീവനക്കാർ തങ്ങർക്ക് രസീത് നൽകുകയോ ടിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ലെന്നും കോടതി ജീവനക്കാർ കുറ്റപ്പെടുത്തുന്നു.