കണ്ണൂർ: ശക്തികേന്ദ്രമായിരുന്നിട്ടും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിമതശല്യത്തെ തുടർന്ന് കൈവിട്ട കണ്ണൂർ കോർപ്പറേഷൻ കോൺഗ്രസിന് ഇക്കുറിയും തലവേദന തന്നെ. പാർട്ടി ഇറക്കിയ പല സ്ഥാനാർത്ഥികൾക്കും മുന്നിൽ ഇത്തവണയും വഴിമുടക്കുകയാണ് വിമതർ.
പല ഡിവിഷനുകളിലും വിമതർ തലങ്ങും വിലങ്ങും പണി തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥിക്കൊപ്പം പ്രചരണത്തിൽ സഹകരിക്കുന്നുണ്ടെന്ന് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും പലയിടത്തും സ്വന്തം നിലയിൽ വോട്ടഭ്യർത്ഥിക്കുകയാണിവർ. കാനത്തൂർ, തായത്തെരു, ആലിങ്കിൽ, ചാലാട് , തെക്കി ബസാർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് വിമത ശല്യം നേരിടുന്നത്. ഇവരെ ഒതുക്കാനും തളയ്ക്കാനും കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല.
കാനത്തൂരിൽ യു.ഡി.എഫ് സ്ഥാനാർഷി ഷിബു ഫെർണാണ്ടസിനെതിരെ ഡി.സി.സി അംഗം കെ. സുരേഷ് മത്സരത്തിലാണ്. തായത്തെരുവിൽ ഡി.സി.സി സെക്രട്ടറി സുരേഷ് ബാബു എളയാവൂരിനും റിബൽ ഭീഷണിയുണ്ട്.കോൺഗ്രസുകാരനായ പി. നൗഫലാണ് ഇവിടെ മത്സരിക്കുന്നത്. തെക്കിബസാറിൽ പി. മാധവനു ഭീഷണിയായി മുൻ നഗരസഭാ കൗൺസിലർ പി.സി. അശോകനുമുണ്ട്.
യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി പി.കെ.രാഗേഷ് മത്സരിക്കുന്ന ആലിങ്കിൽ ഡിവിഷനിൽ കെ. സുധാകരന്റെ മരുമകൻ കെ. നിഷാന്താണ് റിബൽ സ്ഥാനാർത്ഥി. എന്നാൽ താൻ മത്സരരംഗത്തില്ലെന്നും രാഗേഷിനു വേണ്ടി പ്രവർത്തിക്കുമെന്ന നിഷാന്തിന്റെ പ്രഖ്യാപനം നേതൃത്വം പൂർണമായും ഉൾക്കൊള്ളാൻ തയ്യാറായിട്ടില്ല.
നടപടിയോ പൊടിയിടലോ?
വിമത സ്ഥാനാർത്ഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നേതൃത്വം തയാറാകാത്തിലും കോൺഗ്രസിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ചിറക്കൽ ബ്ളോക്ക് കമ്മിറ്റി ട്രഷറർ സി.പി. മനോജ് കുമാർ, പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. പ്രകാശൻ, ചിറക്കൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേം പ്രകാശ്, എ.പി. നൗഫൽ എന്നിവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത് അണികളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് ഇവരുടെ ആക്ഷേപം.