കണ്ണൂർ: തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാപ്പിനിശ്ശേരിയിലെ തുരുത്തി സമരം 960 ദിവസം പിന്നിടുകയാണ്. 30 വീടുകൾ ഇവിടെ ദേശീയപാത വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കൽ ഭീഷണിയിലാണ്. ഒപ്പം അവരുടെ ആരാധനാലയങ്ങളും. സമരങ്ങളിലെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ഇതുവരെ ആയിട്ടില്ല.
ഇപ്രാവശ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും ഒപ്പമുണ്ടെന്ന വാഗ്ദാനം നൽകിക്കൊണ്ട് തന്നെയാണ് മൂന്ന് മുന്നണികളും ഇവിടങ്ങളിലെ വീടുകൾ കയറി പ്രചാരണം നടത്തുന്നത്. 2018 ഏപ്രിൽ 27നാണ് തുരുത്തിയിൽ സമരം തുടങ്ങിയത്. കഴിഞ്ഞ കുറേ വർഷമായി തുരുത്തിക്കാർ ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു. എന്നാൽ ഇക്കുറി തുരുത്തിക്കാർ ചുവടുമാറ്റി പിടിക്കാൻ സാധ്യത ഏറെയാണ്. പ്രത്യേക പക്ഷത്തിനോട് ചായ്‌വ് കാണിക്കില്ലെന്നും തങ്ങൾക്കൊപ്പം നിൽക്കുന്നവർക്കെ വോട്ടു നൽകുവെന്നും തുരുത്തിക്കാർ പറയുന്നു.
നിലവിൽ അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവുണ്ട്. 500 മീറ്ററിനിടയിൽ വരുന്ന ഒരു വളവ് നിവർത്താൻ അധികൃതർ തയാറാകാത്തതാണ് സമരവുമായി ഇപ്പോഴും തുരുത്തിക്കാർ മുന്നോട്ട് പോകാനുള്ള കാരണം. വി.ഐ.പി ഇടപെടൽ കാരണം അലൈൻമെന്റ് തുരുത്തിയിലൂടെ തിരിച്ചുവിടുകയായിരുന്നു വെന്നും സമരസമിതി ആരോപിച്ചിരുന്നു.
കമ്മിഷന്റെ ഉത്തരവ് മറികടന്ന് നടപടിയുണ്ടായാൽ സമരവുമായി ശക്തമായി മുന്നോട്ടുപോകാൻ തന്നെയാണ് സമരസമിതിയുടെ തീരുമാനം. തുരുത്തിയിലെ സമരനായകൻ കെ. നിഷിൽ കുമാറിന്റെ ഭാര്യ ടി. സ്വപ്ന ഇക്കുറി പട്ടികജാതി സംവരണ സീറ്റായ കീച്ചേരിക്കുന്ന് വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. സമരത്തിന് ബി.ജെ.പിയും ലീഗും പിന്തുണ പ്രഖ്യാപിച്ചിരുന്നതുകൊണ്ട് തന്നെ തുരുത്തി ആരെ തുണക്കുമെന്നത് പ്രവചനാതീതമാണ്.
എല്ലാ രാഷ്ട്രീയ പാർട്ടിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശാശ്വത പരിഹാരം ഇതുവരെ ആയിട്ടില്ല. ഈ തിരഞ്ഞെടുപ്പിൽ പതിവിൽ നിന്നും വ്യത്യസ്ത നിലപാട് ആയിരിക്കും തുരുത്തിക്കാർക്ക്.
കെ. നിഷിൽകുമാർ, സമരസമിതി കൺവീനർ