പേരാവൂർ: ജില്ലാ പഞ്ചായത്ത് പേരാവൂർ ഡിവിഷനിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം. കുടിയേറ്റ കർഷകർക്ക് മുൻതൂക്കമുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്നതുകൊണ്ട് കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ വോട്ടർമാർക്ക് തിരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കാൻ വലിയ തോതിൽ കഴിയുമെന്നിരിക്കെ മൂന്ന് മുന്നണികളും ഇക്കുറി വലിയ പ്രതീക്ഷയിലാണ്.
കൊട്ടിയൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, കേളകത്തെ 10 വാർഡുകൾ, കണിച്ചാറിലെ രണ്ട് വാർഡുകൾ, പേരാവൂർ പഞ്ചായത്തിലെ 13 വാർഡുകൾ, മുഴക്കുന്ന് പഞ്ചായത്തിലെ പാല ബ്ലോക്ക് ഡിവിഷനിൽ ഉൾപ്പെടുന്ന വാർഡുകളും, മുരിങ്ങോടി ഡിവിഷനിലെ രണ്ടു വാർഡുകളും ഉൾപ്പെടുന്നതാണ് പേരാവൂർ ഡിവിഷൻ.
2013 മുതൽ 2019 വരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്‌സഭാ മണ്ഡലം സെക്രട്ടറിയായിരുന്ന ജൂബിലി ചാക്കോയാണ് യു.ഡി.എഫിൽ നിന്ന് ജനവിധി തേടുന്നത്. മഹിളാ കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്ന പേരാവൂർ സ്വദേശിയായ ജൂബിലി ചാക്കോ നിലവിൽ പേരാവൂർ പഞ്ചായത്തംഗമാണ്. പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഡിവിഷൻ എന്ന നിലയിൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വികസന മുന്നേറ്റങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ് പ്രവർത്തന രംഗത്ത് മുന്നേറാൻ കഴിഞ്ഞതും ജനങ്ങളുടെ മികച്ച പ്രതികരണവും പ്രവർത്തകർ പ്രതീക്ഷയോടെയാണ് കാണുന്നത്. എൽ.ഡി.എഫിലെ എൻ.സി.പിയാണ് ഇക്കുറിയും മത്സരരംഗത്തുള്ളത്. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും എൻ.സി.പി.ജില്ലാ കമ്മിറ്റിയംഗവും കേളകം സ്വദേശിയുമായ ഷീന ജോൺ വയലിൽ ആണ് സ്ഥാനാർത്ഥി.
കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യത നേടാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ് എൻ.ഡി.എയ്ക്കു വേണ്ടി ബി.ഡി.ജെ.എസ്.സ്ഥാനാർത്ഥിയായ ജോവാൻ അനിരുദ്ധൻ മത്സര രംഗത്തുള്ളത്. കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശിയായ ജോവാൻ അനിരുദ്ധൻ എസ്.എൻ.ഡി.പിയോഗം ഇരിട്ടി യൂണിയൻ വനിതാ സംഘം പ്രസിഡന്റും, ബി.ഡി.എം.എസ്. ജില്ലാ പ്രസിഡന്റുമാണ്.
സ്ഥാനാർത്ഥി മൊഴി
ജില്ലാ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തോടൊപ്പമായതിനാൽ മലയോരത്തിന്റെ വികസനത്തിന് എൽ.ഡി.എഫിന്റെ വിജയം അനിവാര്യമാണ്. ജനങ്ങളോടൊപ്പം നിന്ന് കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും.
ഷീന ജോൺ വയലിൽ (എൽ.ഡി.എഫ്)
കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകി പേരാവൂർ ഡിവിഷന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യം
ജൂബിലി ചാക്കോ (യു.ഡി.എഫ് )
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലേക്ക് കേന്ദ്ര വിഹിതങ്ങൾ കൃത്യമായി എത്തിക്കാൻ ശ്രമിക്കും. ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ജനങ്ങളോടൊപ്പം നിന്ന് പേരാവൂർ മേഖലയുടെ വികസനത്തിനായി പ്രയത്നിക്കും.ജോവാൻ അനിരുദ്ധൻ (എൻ.ഡി.എ)