election

കാസർകോട്: വളർന്നുകൊണ്ടിരിക്കുകയാണെന്ന് നാഴികയ്ക്ക് നാൽപതുവട്ടം പറയുമ്പോഴും പല വാർഡുകളിലും മൂന്ന് മുന്നണികൾക്കും പാർട്ടികളുടെ ചിഹ്നത്തിലോ സ്വതന്ത്രരെന്ന നിലയിലോ സ്ഥാനാർത്ഥികളെ ഇറക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. വോട്ടുള്ളിടത്ത് സ്ഥാനാർത്ഥികളെ നിർത്താത്തതിന്റെ പേരിൽ അവിശുദ്ധബന്ധമാണെന്ന ആരോപണം നേരിടുകയാണ് പ്രമുഖ പാർട്ടികൾ പോലും.

കാസർകോട് ജില്ലയിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താത്തതിന്റെ പേരിൽ കാര്യമായ ആരോപണം ഉയർന്നുകഴിഞ്ഞു.

മനഃസാക്ഷി വോട്ടും രഹസ്യ നീക്കുപോക്കുകളുമൊക്കെയായി കടുത്ത ആരോപണം നേരിടുമ്പോഴും ഇതുസംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ ആരും തയ്യാറായിട്ടില്ല. പനത്തടി ഗ്രാമപഞ്ചായത്തിൽ പലയിടങ്ങളിലും ബി.ജെ.പി -കോൺഗ്രസ് ബന്ധം മൂലം സംയുക്ത സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നതെന്ന് സി.പി.എം ആരോപണം ഉന്നയിച്ചുകഴിഞ്ഞു. ബന്ധത്തിൽ പ്രതിഷേധിച്ച് കള്ളാർ ബ്ളോക്ക് കോൺഗ്രസ് നേതാവ് രാജിവയ്ക്കുകയും ചെയ്തിരുന്നു. നീലേശ്വരം നഗരസഭയിലും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലും പല വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ ഇറക്കാത്തത് നീക്കുപോക്കിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ് കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

പാർട്ടിയെ വിടൂ, മനഃസാക്ഷിയെ നോക്കു..

മനഃസാക്ഷി വോട്ടെന്ന ഓമനപ്പേരിലാണ് വോട്ടുള്ള സ്ഥലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താത്തതെങ്കിലും പിന്നിൽ കുത്തക അവസാനിപ്പിക്കുകയെന്നതാണ് ലക്ഷ്യം. കാസർകോട് നഗരസഭയിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ഇടതുവലതുമുന്നണികൾ മത്സരിക്കാതെ മാറി നിൽക്കുകയാണ്. ഇവിടെ സ്വതന്ത്രനാണ് എതിരാളി. എന്നാൽ ജില്ലയിൽ സ്ഥാനാർത്ഥികളെ ഏറ്റവും കൂടുതൽ കുറച്ചത് എൻ.ഡി.എ ആണ്.

തദ്ദേശസ്ഥാപനം വാർഡുകൾ മത്സരിക്കാത്ത മുന്നണി

കാഞ്ഞങ്ങാട് ഒരു വാർഡ് യു.ഡി.എഫ്

കാസർകോട് 8 വാർഡുകൾ എൻ.ഡി.എ

മൊഗ്രാൽപുത്തൂർ 3 വാർഡുകൾ യു.ഡി.എഫ്

മൊഗ്രാൽപുത്തൂർ ഒരു വാ‌ർഡ് എൽ.ഡി.എഫ്

തൃക്കരിപ്പൂർ 6 വാർഡുകൾ എൻ.ഡി.എ

വലിയപറമ്പ് 9 വാർഡുകൾ എൻ.ഡി.എ

അജാനൂർ 4 വാർഡുകൾ എൻ.ഡി.എ

ചെറുവത്തൂർ 14 വാർഡുകൾ എൻ.ഡി.എ

പിലിക്കോട് 10 വാർഡുകൾ എൻ.ഡി.എ

ഈസ്റ്റ് എളേരി 15 വാർഡുകൾ എൻ.ഡി.എ

വെസ്റ്റ് ഏളേരി 10 വാർഡുകൾ എൻ.ഡി.എ

ബളാൽ ഒരു വാ‌ർഡ് എൻ.ഡി.എ

നീലേശ്വരം 11വാർഡുകൾ എൻ.ഡി.എ

കിനാനൂർ കരിന്തളം 7 വാർഡുകൾ എൻ.ഡി.എ