മാഹി: മയ്യഴിയിലെ വിവിധ സർക്കാർ ഓഫീസുകളിൽ വാഹനങ്ങൾ പടിക്ക് പുറത്ത്. വർഷങ്ങളായി നിരവധി ഡ്രൈവർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. അവശ്യ സർവ്വീസായ അശുപത്രികളിൽ പോലും ഡ്രൈവർ തസ്തികകൾ നികത്തപ്പെടുന്നില്ല. ആംബുലൻസുകളടക്കം ഒട്ടേറെ വാഹനങ്ങളുള്ള മാഹി- പള്ളൂർ ആശുപത്രികളിൽ രണ്ട് ഡ്രൈവർമാർ മാത്രമേയുള്ളൂ.
കൊവിഡ് കാലത്തും അതിന് മുമ്പും എം.ടി.എസ് ജീവനക്കാരെ ഉപയോഗിച്ചാണ് പല ഡിപ്പാർട്ട്‌മെന്റുകളിലും വാഹനങ്ങൾ ഓടിക്കുന്നത്. വിദ്യാഭ്യസ വകുപ്പിൽ ഇപ്പോൾ വാഹനവുമില്ല, ഡ്രൈവറുമില്ലാതായി. കൃഷി വകുപ്പ്, ടൗൺ പ്ലാനിംഗ് ഓഫീസ്, മാഹി ഗവ: കോളേജ്, ഫിഷറീസ് എന്നിവിടങ്ങളിലും നേരത്തെ ഉണ്ടായിരുന്ന വാഹനങ്ങൾ റിപ്പയറിംഗിലായതോടെ, വാഹനവും ഡ്രൈവർമാരും ഇല്ലാതായിട്ടുണ്ട്. ഇലക്ട്രിസിറ്റി ഓഫീസിലും ഇതു തന്നെയാണ് അവസ്ഥ.
ഭരണ സിരാകേന്ദ്രമായ ഗവ: ഹൗസിൽ രണ്ട് വാഹനങ്ങൾക്ക് ഒരു ഡ്രൈവർ മാത്രം. മുൻസിപ്പൽ ഓഫീസിൽ നാല് വാഹനങ്ങളുണ്ട്. ഡ്രൈവർമാരായി ആരുമില്ല. പൊതുമരാമത്ത് വകുപ്പിൽ രണ്ട് വാഹനങ്ങളുണ്ടെങ്കിലും ഡ്രൈവർ ഒന്നു മാത്രം. പൊലീസിലാകട്ടെ, മാഹി, പള്ളൂർ, പന്തക്കൽ സ്റ്റേഷനുകളിൽ ഹോം ഗാർഡുകളെയാണ് ഡ്രൈവർമാരായി ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി മൂന്ന് ഡ്രൈവർമാർ സർവൂസിൽ നിന്ന് പിരിഞ്ഞു പോയി.
നിയമനമിവിടെ, ജോലി അവിടെ
മുൻസിപ്പൽ ഓഫീസിലെ ഒരു ഡ്രൈവർ ആർ.എ ഓഫീസിൽ ജോലി ചെയ്യുകയാണ്. മുൻസിപ്പൽ കമ്മിഷണർ ബ്ലോക്ക് ഓഫീസിലെ ജിവനക്കാരനെയാണ് ഉപയോഗിക്കുന്നത്. റവന്യൂ ഓഫീസിൽ വെറ്ററിനറി ഓഫീസിലെ ജീവനക്കാരനെയും, മറ്റ് ചില ഓഫീസുകളിൽ വാച്ച് മാന്മാരെയും ഉപയോഗിക്കുകയാണ്. അർഹമായ പത്തോളം എം.ടി.എസ് ജീവനക്കാർക്ക് ഡ്രൈവർ ഒഴിവുകളിലേക്ക് പ്രമോഷൻ നൽകാതെ മുടങ്ങിക്കിടക്കുകയുമാണ്. വല്ല കാരണവശാലും വാഹനാപകടം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ പോലും കിട്ടാത്ത അവസ്ഥയാണുണ്ടാവുക.