pradeep

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്ന കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ മുൻ സെക്രട്ടറി ബി. പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. കോടതി ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ വീണ്ടും റിമാൻഡ് ചെയ്തു.

പ്രദീപ് കുമാർ നേരത്തെ സമർപ്പിച്ചിരുന്ന ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിട്ടും കൂടുതൽ അന്വേഷണം നടത്തുന്നതിനോ തെളിവുകൾ ശേഖരിക്കുന്നതിനോ സാധിക്കാതെയാണ് അന്വേഷണ സംഘം പ്രദീപിനെ കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിൽ പ്രതി സഹകരിക്കാത്തതിനാൽ സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയും തെളിയിക്കാൻ പൊലീസിനായില്ല. തീർത്ഥാടനത്തിനാണ് താൻ കാസർകോട് എത്തിയതെന്നും കർണാടകയിലെ ഉള്ളാൽ പള്ളിയിലും തൃക്കണ്ണാട് അമ്പലത്തിലും പോയെന്നും പോകുന്നതിനിടെ ദിലീപിന്റെ സിനിമ പോസ്റ്റർ കണ്ടാണ് കാസർകോട് ഇറങ്ങിയതെന്നും കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ പ്രദീപ് മൊഴി നൽകിയിരുന്നു. കടയിൽ കയറി വാച്ച് വാങ്ങി. കടയിൽ ആരുണ്ടെന്ന് നോക്കിയില്ല എന്നുമായിരുന്നു മൊഴി. ഇതേ തുടർന്ന് കേസിൽ തുടരന്വേഷണവും തെളിവെടുപ്പും വഴിമുട്ടുകയായിരുന്നു.

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെത്താനാകാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കേസിലെ പ്രധാന തെളിവുകൾ ഇവയായിരുന്നു. സിം കാർഡ് ട്രെയിനിൽ കളഞ്ഞുപോയെന്നാണ് പൊലിസിനോട് പറഞ്ഞത്. 2020 ജനുവരി 28നാണ് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിന് മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കാൾ വന്നത്.