പയ്യന്നൂർ: എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പയ്യന്നൂരിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചു. ദിവസേന ഓടിക്കൊണ്ടിരിക്കുന്ന സ്പെഷ്യൽ ട്രെയിനുകളായ മംഗള സൂപ്പർ ഫാസ്റ്റിനും, നേത്രാവതി എക്സ്പ്രസിനുമാണ് പയ്യന്നൂരിൽ സ്റ്റോപ്പ് പുനരാരംഭിക്കുന്നത്. എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് പോകുന്ന മംഗള സൂപ്പർഫാസ്റ്റ്‌ രാത്രി 7.18 നും, തിരുവനന്തപുരത്ത് നിന്ന് ലോകമാന്യതിലകിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് രാത്രി 8 .08 നുമാണ് തികളാഴ്ച പയ്യന്നൂരിലെത്തുന്ന സമയം.

തിരിച്ച് ലോകമാന്യതിലകിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് ഡിസംബർ ഒന്നുമുതൽ രാവിലെ 5.53 നും, ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന മംഗള സൂപ്പർ ഫാസ്റ്റ് ഡിസംബർ രണ്ട് മുതൽ രാത്രി 12.03 നുമാണ് പയ്യന്നൂരിലെത്തുക. ഈ രണ്ട് ട്രെയിനുകൾക്കും ലോക്ക് ഡൗണിന് മുമ്പ് പയ്യന്നൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നതാണ്.

ലോക്ക് ഡൗൺ കാരണം മാർച്ച്‌ 23 മുതൽ നിർത്തലാക്കുകയായിരുന്നു. മൂന്ന് മാസത്തിന് ശേഷം അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സ്പെഷ്യൽ ട്രെയിനുകളായി ഓടി തുടങ്ങിയെങ്കിലും, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്റ്റോപ്പുകൾ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ഇപ്പോഴും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്.