ഇരിട്ടി: ആറളം ഫാമിൽ കണ്ടെത്തിയ വൻ വ്യാജവാറ്റ് കേന്ദ്രം ഇരിട്ടി എക്‌സൈസ് സംഘം നശിപ്പിച്ചു. ക്രിസ്തുമസ്- ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.സി. വാസുദേവന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് പതിമൂന്നാം ബ്ലോക്കിൽ വ്യാജ മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തുന്നത്. വ്യാജമദ്യ നിർമ്മാണത്തിനായി തയ്യാർ ചെയ്ത് കാടുകൾക്ക് ഇടയിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ച 500 ലിറ്റർ വാഷ് സംഘം പിടികൂടി നശിപ്പിച്ചു.

മദ്യനിർമ്മാണത്തിനായി സൂക്ഷിച്ച ബാരലുകൾ, കാനുകൾ, അലുമിനിയം പാത്രങ്ങൾ,​ പ്ലാസ്റ്റിക് കുടങ്ങൾ എന്നിവയും പിടികൂടി. ഇവ കുറ്റിക്കാടുകൾക്കിടയിൽ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു. കുറ്റിക്കാടുകൾ നിറഞ്ഞ മേഖലയിൽ നിന്നും ഇവ കണ്ടെത്തുന്നത് ഏറേ ദുർഘടം പിടിച്ച ജോലിയായിരുന്നു. ഇരിട്ടി സിവിൽ എക്‌സൈസ് ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, ഷൈബി കുര്യൻ, സി. ഹണി,കെ. രമീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.