കണ്ണൂർ: ഒാരോ തിരഞ്ഞെടുപ്പിലും മത്സ്യത്തൊഴിലാളി മേഖലയ്ക്ക് വലിയ വാഗ്ദാനങ്ങൾ മുന്നണികൾ നൽകാറുണ്ട്. എന്നാൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും അധികാരത്തിലെത്തുമ്പോൾ മറന്നുപോകുന്നുവെന്ന പരാതിയാണ് മത്സ്യ തൊഴിലാളികൾ പങ്കുവയ്ക്കുന്നത്. അനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് പുറമെ മത്സ്യമേഖലയ്ക്ക് എതിരായ തീരുമാനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മത്സ്യ തൊഴിലാളികൾ ആരോപിക്കുന്നു.

അവസാനമായി സർക്കാർ പുറപ്പെടുവിച്ച കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന വി‌ജ്ഞാപനം നിലവിൽ മത്സ്യ തൊഴിലാളികളെ ആശങ്കപ്പെടുത്തുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള മത്സ്യബന്ധന രീതി പാടെ മാറ്റി ഹാർബർ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ച് കമ്മിറ്റിയുടെ കീഴിൽ മത്സ്യവിൽപ്പന നടത്തണമെന്നാണ് നിർദ്ദേശം.

ചെയർമാനായി ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ട്രേഡ് യൂണിയൻ പ്രതിനിധികളും ഉൾപ്പെടുന്നതാണ് കമ്മിറ്റി. വിജ്ഞാപനം നടപ്പിലായാൽ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഉൾപ്പെടെ കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും. നിലവിൽ പിടിച്ച മത്സ്യം കരയിലെത്തി ലേലം വിളിക്കുകയാണ് പതിവ്. എന്നാൽ സർക്കാർ നിശ്ചിക്കുന്ന ലേലക്കാരൻ മുഖേന മാത്രമേ വിൽപ്പന നടത്താവൂവെന്നാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. പിടിച്ച് കൊണ്ടുവരുന്ന മത്സ്യത്തിന്റെ വിൽപ്പനയിൽ അഞ്ച് ശതമാനം സർക്കാരിലേക്ക് അടക്കേണ്ടതായും വരും.

സ്വന്തം ചെലവിൽ എണ്ണയടിച്ച് കടലിൽ പോയി പിടിച്ച മീനിന്റെ വില നിശ്ചയിക്കാൻ പോലും മത്സ്യത്തൊഴിലാളികൾക്ക് സാധിക്കാതെ വരുന്ന സ്ഥിതിയാകും. സർക്കാരിന്റെ പുതിയ വിജ്ഞാപനം മത്സ്യ തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്.

സെപ്തംബർ 23 ആണ് സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം കൊണ്ടുവന്ന മത്സ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കാണിച്ച് മത്സ്യം ഉപയോഗപ്രദമാണോ എന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൂടി ആവശ്യമാണ്. നടപ്പിലാക്കിയില്ലെങ്കിലും വിജ്ഞാപനം സംബന്ധിച്ച് വലിയ ആശങ്ക തീരങ്ങളിൽ നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മറ്റ് മുന്നണികൾ സർക്കാരിനെതിരായി ഈ ആയുധം ഉപയോഗിക്കുന്നുണ്ട്.

പുനർഗേഹത്തിൽ അനർഹ‌ർ

കടലിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ അനർഹരെ തിരുകി കയറ്റുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 50 മീറ്ററിന് പുറത്തുള്ളവരും പദ്ധതിയിൽ ഉൾപ്പെടുത്തയിട്ടുണ്ടെന്നും മത്സ്യ തൊഴിലാളികൾക്ക് നൽകുന്ന മറ്റ് ഭവന പദ്ധതികളും സർക്കാർ പാടെ നിർത്തലാക്കിയെന്നും ആരോപണമുണ്ട്.

വലിയ പ്രതിഷേധമാണ് നിലിവിൽ വിജ്ഞാപനം സംബന്ധിച്ച് ഉയരുന്നത്. കടുത്ത ആശങ്കയിലാണ് മത്സ്യ തൊഴിലാളികൾ.

എ.ടി. നിഷാത്ത്, മത്സ്യ തൊഴിലാളി കോൺഗ്രസ്