കാഞ്ഞങ്ങാട്: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളിലേക്ക് അനുവദിച്ച മെഷീനുകൾക്ക് തകരാർ സംഭവിച്ചാൽ ബൂത്തുകളുടെ ചുമതലയുള്ള സെക്ടറൽ ഓഫീസർമാർക്ക് ഉത്തരവാദിത്തം കൂടും. ലോക്സഭ -നിയമസഭ തിരഞ്ഞെടുപ്പുകളിൽ തകരാർ സംഭവിക്കുന്ന വോട്ടിംഗ് മെഷീനുകൾക്ക് പകരം നൽകാൻ ഓരോ സെക്ടറൽ ഓഫീസർമാർക്കും ബാലറ്റ് പേപ്പർ സെറ്റ് ചെയ്ത യൂണിറ്റ് മത്സരാർത്ഥികളുടെ പേരുകൾ ഉൾപ്പെടെ സെറ്റു ചെയ്ത കൺട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെട്ട വോട്ടിംഗ് മെഷീനുകളാണ് അനുവദിച്ചു നൽകാറുള്ളത്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മിക്ക ബൂത്തുകളിലും പഞ്ചായത്ത് വാർഡ് സ്ഥാനാർത്ഥികൾ മാറി വരുമെന്നതിനാൽ നേരത്തെ വോട്ടിംഗ് മെഷീനുകൾ സെറ്റു ചെയ്യുക സാദ്ധ്യമല്ല. അതിനാൽ തകരാർ സംഭവിക്കുന്ന വോട്ടിംഗ് മെഷീനുകൾക്ക് പകരം പുതുതായി മെഷീൻ തിരഞ്ഞെടുപ്പിനായി ഒരുക്കേണ്ടിവരും. ഈ ചുമതല സെക്ടറൽ ഓഫീസർമാർക്കാണ്. ഓരോ സെക്ടറൽ ഓഫീസർമാർക്കും 20 ബൂത്തുകളുടെ ചുമതലയാണുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ നിരവധി ബൂത്തുകളിലാണ് മെഷീനുകൾ പണിമുടക്കിയത്. ഇതേ തുടർന്ന് ഏറെ നേരം വോട്ടിംഗ് തടസ്സപ്പെടുകയുണ്ടായി. ഇത്തവണ ബുത്തുകളിലെ മെഷിനുകൾ കൃത്യമായി പ്രവർത്തിക്കണേ എന്ന പ്രാർത്ഥനയിലാണ് സെക്ടറൽ ഓഫീസർമാർ. വോട്ടിംഗ് നീണ്ടുപോകാനും അതുകാരണമാകും. സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം കാസർകോട് കലക്ടറേറ്റിൽ നടക്കുകയുണ്ടായി.