മാഹി: ജെ.എൻ.ജി.എച്ച്.എസ് സ്‌കൂൾ ലക്ചററും ജി.എസ്.ടി.എയുടെ നിർവ്വാഹക സമിതി അംഗവുമായ റംല ബീവി ഇന്ന് വിരമിക്കും. കുട്ടികളുടെ കലാ-കായിക- സാഹിത്യ പരിപോഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ടീച്ചർ, മേഖലാതല ശാസ്ത്ര മേള, ബാലകലാമേള എന്നിവയുടെ സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1993ൽ മണിക്കൂർ വേതന അദ്ധ്യാപികയായി സേവനം ആരംഭിച്ച ടീച്ചർ 1995ലാണ് ഫ്രഞ്ചു ഹൈസ്‌കൂളിൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപികയായത്.
2002 ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അർഹതയോടെ നേരിട്ടു ലക്ചററായി നിയമിതയാവുകയായിരുന്നു.
സർവ്വീസ് ആരംഭിച്ച കാലം മുതൽ തന്നെ പല വിദ്യാലയങ്ങളിലും ക്ലബ്ബിംഗ് സേവനമനുഷ്ഠിക്കേണ്ടി വന്ന ടീച്ചർ മാഹിയിലെ ഫ്രഞ്ചു ഹൈസ്‌കൂൾ, ജെ.എൻ.ജി.എച്ച്.എസ്.എസ്, സി.ഇ ബി.ജി.എച്ച്.എസ്.എസ്, ജി.എൽ.പി.എസ്, ചൂടിക്കോട്ട പള്ളൂരിലെ ജി.എം.എസ്, അവ റോത്ത് വി.എൻ.പി.ജി.എച്ച്.എസ്, എന്നീ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മേഖലയിലെ അദ്ധ്യാപികയാണെങ്കിലും, അദ്ധ്യാപക ക്ഷാമം മൂലം ഹൈസ്‌കൂൾ ക്ലാസുകളിലും അറബിക് പഠിപ്പിച്ചുവരികയായിരുന്നു.