കോഴിക്കോട്: വിശക്കുന്നവരെ ഉൗട്ടാനായി പൊലീസുകാർ തെരുവിലേക്കിറങ്ങുന്നതിലൂടെ സമൂഹത്തിന് അവരോടുള്ള തെറ്റായ കാഴ്ചപ്പാടുകൾ കൂടിയാണ് മാറുന്നതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
കോഴിക്കോട് പൊലീസ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ സിറ്റി പൊലീസും തെരുവിലെ മക്കൾ ചാരിറ്റിയും സംയുക്തമായി ഒരുക്കിയ സൗജന്യ ഭക്ഷണ വിതരണ പരിപാടിയായ 'അക്ഷയപാത്രം" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശക്കുന്നവന് ഭക്ഷണം നൽകുന്നത് പുണ്യപ്രവൃത്തിയാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കേരളത്തെ വിശപ്പ്‌രഹിതമാക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവമണി റോഡിലെ പൊലീസ് ഡോർമെറ്ററിയിലാണ് ഭക്ഷണശാല. സ്നേഹത്തിൻെറ നഗരത്തിൽ എത്തിയവരിൽ ഒരാൾ പോലും കൈയിൽ പണമില്ലാത്തതിനാൽ പട്ടിണിയാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് അക്ഷയപാത്രം തുറക്കാൻ പൊലീസ്
സന്നദ്ധരായത്. ആദ്യഘട്ടത്തിൽ ഉച്ചയൂണ് മാത്രമാണ് വിതരണം ചെയ്യുക. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ ഭക്ഷണ വിതരണമുണ്ടാവും. കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചോറ്, പച്ചക്കറി, മത്സ്യക്കറി, ഉപ്പേരി, അച്ചാർ എന്നിവ കണ്ടെയ്നറിലാക്കിയാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുക. ഈ കണ്ടെയ്നർ പുനരുപുയോഗത്തിന് കഴിയും. സൂപ്പർ മാർക്കറ്റ്സ് അസോസിയേഷൻെറ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ദിവസത്തെ ഭക്ഷണം.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, നഗരത്തിലെ വ്യാപാരിസമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് തെരുവിന്റെ മക്കൾ പദ്ധതി നടപ്പാക്കുന്നത്. മദ്യപിച്ചെത്തുന്നവർക്ക് ഭക്ഷണമുണ്ടാവില്ല.
സ്ഥിരമായി വരുന്നുവരെ നിരീക്ഷിച്ച്, താമസിക്കാനിടമില്ലാത്തവരാണോ എന്ന് ഉറപ്പുവരുത്തിയ ശേഷം അവരെ പുനരധിവസിപ്പിക്കാൻ വേണ്ട സൗകര്യവും ഏർപ്പാടാക്കും.
സിറ്റി പൊലീസ് കമ്മിഷണർ എ വി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷ്ണർ എ .ജെ ബാബു സ്വാഗതം പറഞ്ഞു. സിറ്റി ഡി. ജി. പി എ .കെ ജമാലുദ്ദീൻ, കണ്ണൂർ ഡി വെെ. എസ്.പി പി.പി. സദാനന്ദൻ, ടി എം സി സ്ഥാപകൻ മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.