കോഴിക്കോട്: സംസ്ഥാന സർക്കാർ തീരുമാന പ്രകാരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും കൊവിഡ് ഭീതിയിൽ അകലം പാലിച്ച് സഞ്ചാരികൾ. പ്രവേശനം അനുവദിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിയത് വിരലിൽ എണ്ണാവുന്നവർ മാത്രം. അവധി ദിനങ്ങളിൽ പോലും തിരക്കില്ല. കൊവിഡ് ഭീതി ഒഴിയാത്തതിനാൽ ഒഴിവുസമയം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചെലവിടാൻ ആളുകൾ മടിക്കുകയാണ്. ആറുമാസത്തിലേറെയായി അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഈ മാസം 17 മുതലാണ് തുറന്നത്. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊവിഡ‌് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കിയ ശേഷമായിരുന്നു ആളുകൾക്ക് പ്രവേശനാനുമതി. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് സർക്കാർ പ്രവേശനം അനുവദിച്ചിരുന്നത്.
നാളെ മുതൽ ബീച്ചുകളിലും പ്രവേശനം അനുവദിക്കുന്നതോടെ വിനോദ സഞ്ചാരമേഖല കൂടുതൽ സജീവമാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. അതേസമയം ബീച്ചുകളിൽ കൂടുതൽ ആളുകളെത്തിയാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. ആറ് മാസത്തിലധികം അടഞ്ഞുകിടന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും ആളുകൾ കുറഞ്ഞത് കച്ചവടക്കാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. പ്രതിസന്ധി മറികടക്കാമെന്ന് കരുതിയ ടാക്‌സി ഡ്രൈവർമാരും നിരാശയിലാണ്.
ജില്ലയിലെ കക്കയം ഹൈഡൽ ടൂറിസം, കരിയാത്തുംപാറ, വയലട വ്യൂ പൊയിന്റ് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ഇന്നലെ മുതൽ തുറക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകർ എത്തുന്നത് ആശങ്ക ഉയർത്തുകയാണ്.
'' സരോവരം പോലുള്ള കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരമാണ് പ്രവേശനം. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആളുകൾ എത്തുന്നത് വളരെ കുറവാണ്''.
ബീന, സെക്രട്ടറി, ഡി.ടി.പി.സി