വടകര: തേങ്ങയും കുരുമുളകും ചതിച്ചപ്പോൾ കർഷകർക്ക് ആഹ്ലാദം പകർന്ന് അടയ്ക്ക വില കുതിയ്ക്കുന്നു.
കൊട്ടടക്ക പഴയതിന് ക്വിന്റൽ 35,000 രൂപ വരെയും പുതിയതിന് 27,000 രൂപ വരെ കിട്ടുന്നുണ്ട്. അതേ സമയം തേങ്ങ വില 24,000 രൂപയിൽ ഒതുങ്ങുകയാണ്.
നവമിയോടനുബന്ധിച്ചുളള ചടങ്ങുകൾക്ക് ഏറെ ആവശ്യം വരുന്ന കൊട്ടത്തേങ്ങയ്ക്ക് പോലും മുൻകാലങ്ങളിലുണ്ടാകുന്നതു പോലെ ഡിമാന്റ് വില ഇക്കുറി കിട്ടിയില്ലെന്ന് കർഷകർ പറയുന്നു.
തേങ്ങ വില കുറയുമ്പോൾ കർഷകർക്ക് ആശ്വാസമാവാറുള്ള കുരുമുളകും ഗുണം ചെയ്തില്ല. കിലോ വില 300- 310 രൂപയിൽ നില്ക്കുകയാണ്. കുരുമുളക് വില 2 വർഷമായി ഇതേ നില തുടരുകയാണ്. മുൻവർഷം ഈ സീസണിൽ കിലോ 400 രൂപ വരെ ലഭിച്ചിരുന്നു.