cement

കോഴിക്കോട്: കൊവിഡിനെ മറയാക്കി സിമന്റ് വില കുതിക്കുന്നു. ലോക്ക് ഡൗൺ ഇളവുകളിൽ നിർമ്മാണ മേഖല സജീവമാകുന്നതിനിടെയാണ് കമ്പനികൾ സിമന്റിന് വില കൂട്ടി പകൽ കൊള്ള നടത്തുന്നത്. ഇതോടെ നിർമ്മാണ പ്രവൃത്തികൾ പലതും നിശ്ചലമായി. വീട് നിർമ്മാണം ഉൾപ്പെടെ നാലിലൊന്നായി കുറഞ്ഞു. കൊവിഡിൽ അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലാണ്. വൈദഗ്ദ്ധ്യമുള്ള തദ്ദേശീയ തൊഴിലാളികളുടെ അഭാവം നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കുമ്പോഴാണ് സിമന്റ് വില കൂട്ടിയുള്ള കമ്പനികളുടെ ഇരുട്ടടിയും. സർക്കാർ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തിയാണ് സിമന്റ് കമ്പനികൾ വില കുത്തനെ കൂട്ടുന്നത്. എ ഗ്രേഡ് സിമന്റുകൾക്ക് ബാഗ് ഒന്നിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിർത്തേണ്ട പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റും വില കൂട്ടി. സംസ്ഥാനത്താകെ 10 ലക്ഷം ടൺ സിമന്റാണ് വിറ്റഴിക്കപ്പെടുന്നത്.വിലകൂട്ടി കമ്പനികൾ നടത്തുന്ന പകൽക്കൊള്ളയിൽ ചെറുകിട കെട്ടിട നിർമ്മാണം ഏറെക്കുറെ നിലച്ച മട്ടാണ്. ലോക്ക് ഡൗണിന് മുമ്പ് പ്രമുഖ ബ്രാൻഡുകളുടെ സിമന്റ് ബാഗിന്റെ മാർക്കറ്റ് വില 300രൂപ മുതൽ 340 രൂപ വരെയായിരുന്നു. ലോക്ക് ഡൗണിനു ശേഷം സിമന്റ് നിർമ്മാണ കമ്പനികൾ ഒറ്റയടിക്ക് 25ശതമാനം വിലവർദ്ധന വരുത്തി. 50 കിലോ വരുന്ന ബാഗിനു 390 രൂപ മുതൽ 430 വരെയാണ് വില. അന്യായമായ സിമന്റ് വില വർദ്ധനയ്ക്കെതിരെ കേരളത്തിലെ സിമന്റ് ഡീലേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. മാർക്കറ്റിൽ സിമന്റിന് കടുത്ത ക്ഷാമവും തുടങ്ങിയിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ ഉണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.

സിമന്റ് വില

ലോക്ക് ഡൗണിന് മുമ്പ് - 390 രൂപ മുതൽ 430 വരെ

ലോക്ക് ഡൗണിന് ശേഷം - 440 രൂപ മുതൽ 510 രൂപ

" കേരളത്തിലെ നിർമ്മാണ മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന പ്രവണതയാണ് സിമന്റ് കോർപ്പറേറ്റ് സംഘങ്ങൾ നടത്തുന്നത്, അന്യായമായി വില വർധിപ്പിക്കുകയാണ്. പലരും വീട് പണികൾ നിർത്തിവെച്ചിരിക്കുകയാണ്''.

സി.കെ രാജീവ്, ജില്ലാ സെക്രട്ടറി

പ്രൈവറ്റ് ബിൽഡിംഗ്

കോൺട്രാക്ടേഴ്സ് അസോസിയേഷൻ,