കോഴിക്കോട്: ഭിന്നശേഷിക്കാർക്കായി ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള എനേബ്‌ളിംഗ് കോഴിക്കോടിന് ഇന്ന് തുടക്കം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ഓൺലൈനായി നിർവഹിക്കും.
ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ള പദ്ധതി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിലാണ് നടപ്പാക്കുക. വിവിധ സർക്കാർ, സർക്കാരിതര ഏജൻസികളുടെയെന്ന പോലെ ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തവുമുണ്ടാകും.
വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുക, ആവശ്യമായ ചികിത്സാ, പുനരധിവാസ സേവനങ്ങൾ സാമൂഹികാധിഷ്ഠിത കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുക, ജില്ലയിലെ മുഴുവൻ കെട്ടിടങ്ങളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക, ആരോഗ്യ - വിദ്യാഭ്യാസ - സാമൂഹ്യക്ഷേമം എന്നിവ ഉറപ്പുവരുത്താൻ നൂതന പദ്ധതിയുടെ ഏകോപനം എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കും. ഭിന്നശേഷിക്കാർക്കായുള്ള വിവിധ പദ്ധതികൾ കഴിഞ്ഞ ഒരു വർഷമായി ജില്ലയിൽ നടപ്പാക്കി വരുന്നുണ്ട്.
പുതിയ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ഒളവണ്ണ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡിസെബിലിറ്റി മാനേജ്‌മെന്റ് സെന്റർ സജ്ജീകരിച്ചിട്ടുണ്ട്. വൈകല്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള കേന്ദ്രമാണിത്. നവജാതശിശുക്കളിലെ കേൾവിവൈകല്യം നിർണയിക്കാനുള്ള 'ഹിയറിംഗ് ഫ്രൻഡ്ലി" പരിശോധനയും ഒരുക്കുന്നുണ്ട്. രണ്ടിന്റെയും പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.
ചടങ്ങിൽ ചലച്ചിത്രനടൻ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും. പി.ടി.എ റഹീം എം.എൽ.എ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കളക്ടർ എസ്. സാംബശിവറാവു തുടങ്ങിയവർ സംബന്ധിക്കും.