പേരാമ്പ്ര : ചെങ്ങോടുമലയിൽ പൊളിച്ച കുടിവെള്ള ടാങ്ക് പുനർനിർമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് ഒരു വർഷമായിട്ടും ടാങ്ക് നിർമിക്കാത്തതിൽ പ്രതിഷേധിച്ച് നാലാം വാർഡ് ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ വഞ്ചനാദിനം ആചരിച്ചു. സമരസമിതി നേതാക്കളായ കൊളക്കണ്ടി ബിജു, ജോബി ചോലക്കൽ എന്നിവർ ഉപവസിച്ചു.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കുടിവെള്ള ടാങ്ക് തകർത്ത് ഒരു വർഷം കഴിഞ്ഞിട്ടും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ നിയമ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നാലാം വാർഡ് സമരസമിതി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുകയായിരുന്നു. കേസ് തീർപ്പാക്കി 2019 നവംബർ ഒന്നിന് രണ്ട് മാസത്തിനകം ടാങ്ക് നിർമിക്കാൻ കോട്ടൂർ പഞ്ചായത്തിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ അലംഭാവം മൂലം ഈ വിധിക്കെതിരെ ക്വാറി കമ്പനിക്ക് സ്റ്റേ വാങ്ങാൻ കഴിഞ്ഞെന്ന് സമരസമിതി ചൂണ്ടി കാട്ടി. ദിലീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു. കെ. രാജേഷ്, സി. രാജൻ, പി.സി. സുരേഷ്, ജോബി ചോലക്കൽ എന്നിവർ പ്രസംഗിച്ചു.