10
എസ്‌കലേറ്റർ കം എലിവേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്‌ജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനു പിറകെ മേല്പാലം കയറി ഇറങ്ങുന്ന മേയർ തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ മീരാ ദർശക് തുടങ്ങിയവർ

 കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ മേല്പാലം

കോഴിക്കോട് : രാജാജി റോഡിൽ മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപത്തായി പണിതീർത്ത എസ്‌കലേറ്റർ കം എലിവേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്‌ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി സന്ദേശം നൽകി. അമൃത് പദ്ധതിയിൽ 11.35 കോടി രൂപ ചെലവിലാണ് ആധുനിക മേൽപ്പാലം ഒരുക്കിയത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വാഹനത്തിരക്കിനിടയിലും ഇനി യാത്രക്കാർക്ക് ഇതു വഴി എളുപ്പത്തിൽ റോഡിനപ്പുറത്തേക്ക് കടക്കാം. നേരത്തെ ഇവിടെ സാധാരണ മേല്പാലമുണ്ടായിരുന്നെങ്കിലും ഉപയോഗ്യശൂന്യമായി മാറുകയായിരുന്നു. ആളുകൾ അതിലൂടെ കയറാൻ മടിച്ചതു തന്നെ കാര്യം. പുതിയ പാലം ഉപയോഗിക്കാതെ ആളുകൾ റോഡിലൂടെ മറുവശത്തേക്ക് കടക്കുന്നത് ഒഴിവാക്കാൻ റോഡിൽ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. റോഡിൽ നിന്ന് ആറര മീറ്റർ ഉയരത്തിലാണ് മേല്പാലം. മൂന്ന് മീറ്റർ വീതിയുള്ള പാലത്തിന്റെ നീളം 25. 37 മീറ്ററാണ്. ഇരുവശങ്ങളിലുമായി 1,140 ചതുരശ്രഅടി സ്ഥലം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഒരേസമയം 13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാം. എസ്‌കലേറ്ററിൽ മണിക്കൂറിൽ 11,700 പേർക്കും നടപ്പാലത്തിൽ ഒരേ സമയം 300 പേർക്കും കയറാം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. എം.കെ.രാഘവൻ എംപി, എ.പ്രദീപ് കുമാർ എം.എൽ.എ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, കെ.എം.ആർ.എൽ എം.ഡി അൽകേഷ് കുമാർ ശർമ്മ, അമൃത് മിഷൻ ഡയറക്ടർ ഡോ.രേണു രാജ്, ഡെപ്യൂട്ടി മേയർ മീര ദർശക്, സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ്, കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.സി.രാജൻ, അനിത രാജൻ, കെ.വി.ബാബുരാജ്, ടി.വി.ലളിത പ്രഭ, എം.സി.അനിൽകുമാർ, ആശ ശശാങ്കൻ, എം.രാധാകൃഷ്ണൻ , ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, കൗൺസിലർമാരായ പി.എം.സുരേഷ് ബാബു, സി.അബ്ദുറഹ്‌മാൻ, നമ്പിടി നാരായണൻ, ജയശ്രീ കീർത്തി, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ സംബന്ധിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ കെ.ജി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.  ഉയരം 6. 5 മീറ്റർ  നീളം 25. 37 മീറ്റർ