ca
cack

കോഴിക്കോട്: വീടുകളിൽ നിന്ന് കേക്ക് നിർമ്മിച്ച് വിപണനം നടത്തുന്നവർക്കും ഭക്ഷ്യ സുരക്ഷാ വിഭാഗം രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ സംരംഭകർ കൂട്ടമായെത്തി രജിസ്ട്രേഷന് ശ്രമിച്ചത് വെബ്സൈറ്റിനെ പിണക്കി. വെബ്സൈറ്റ് തകരാറിലായതോടെ സംരംഭകർ പ്രതിസന്ധിയിലുമായി. ലോക്ക്ഡൗൺ കാലത്ത് നേരംപോക്കിനായി നിർമ്മിച്ചു തുടങ്ങിയ കേക്കുകൾ വീടുകളിൽ നിന്ന് വിപണിയിൽ എത്തിയതോടെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കൊവിഡ് അടച്ചുപൂട്ടലിൽ യൂട്യൂബിനെ 'ഗുരു'വാക്കി വീട്ടമ്മമാർ ഉൾപ്പെടെ നിരവധിപേരാണ് വീടുകളിൽ നിന്ന് കേക്ക് നിർമ്മാണത്തിൽ സജീവമായത്. വില്പന പൊടിപൊടിക്കുന്നതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പിടിവീണത്. ഇതോടെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകളുടെ പ്രവാഹമായി.പലപ്പോഴും സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. എന്നാൽ അപേക്ഷകരുടെ എണ്ണം കൂടിയതോടെ വെബ് സൈറ്റ് പണിമുടക്കി. വരും ദിവസങ്ങളിൽ രജിസ്ട്രഷൻ നടത്താൻ കഴിയുമെന്നാണ് അക്ഷയ കേന്ദ്രങ്ങൾ പറയുന്നത്. ലോക്ക്ഡൗണിൽ വരുമാനം നിലച്ച പല കുടുംബങ്ങൾക്കും കേക്ക് വിൽപ്പന ഉപജീവനമാർഗം കൂടിയായിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം പിടിമുറുക്കിയതോടെ കേക്ക് നിർമ്മാണം നിർത്തിവെച്ച് സംരംഭകർ രജിസ്ട്രേഷനുള്ള ഓട്ടത്തിലാണ്.

അംഗീകാരമില്ലെങ്കിൽ അകത്താകും

ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നവർ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. നിയമം ലംഘിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ. ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്​റ്റേഷനറി സ്​റ്റോഴ്‌സ്, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാക്കുന്ന സ്‌കൂളുകൾ, ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ, കാ​റ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, വെജി​റ്റബിൾ ആൻഡ് ഫ്രൂട്ട് സ്​റ്റാൾ, ഫിഷ് സ്​റ്റാൾ, പെട്ടി കടകൾ, വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നവർ തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നവർക്ക് ലൈസൻസോ രജിസ്‌ട്രേഷനോ ഉണ്ടായിരിക്കണം.

'നിലവിൽ രജിസ്ട്രേഷൻ നടക്കുന്നില്ല, തകരാർ പരിഹരിച്ച് വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ'- അക്ഷയ ജീവനക്കാരി