മാനന്തവാടി: കൊവിഡ് സാഹചര്യത്തിൽ അടിയന്തിര ചികിത്സ നിഷേധിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴും മാനന്തവാടി ജില്ലാ ആശുപത്രിയിൽ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നു.
ജില്ലാ ആശുപത്രി കൊവിഡ് വാർഡാക്കി മാറ്റിയപ്പോൾ അത്യാഹിത വിഭാഗം വിൻസെന്റ് ഗിരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ രോഗികളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. കിടത്തിചികിത്സയില്ല. കിടത്തിചികിത്സിക്കേണ്ടി വരുന്ന രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാത്തതിനാൽ അടിയന്തിര ഘട്ടങ്ങളിൽ ചികിൽസ നൽകേണ്ട ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിച്ച് തുടങ്ങി.
ഇന്റൻസീവ് കെയർ യൂണിറ്റ്, സർജറിവാർഡ്, ലേബർ വാർഡ്, ഓപ്പറേഷൻ തിയ്യറ്റർ എന്നിവിടങ്ങളിലെ ഉപകരണങ്ങളാണ് മാസങ്ങളായി പ്രവർത്തിക്കാത്തത് കാരണം നാശത്തിലേക്ക് നീങ്ങുന്നത്. ഓപ്പറേഷൻ കോട്ട്, വെന്റിലേറ്ററുകൾ, ഇൻകുബേറ്റർ,ഫ്രീസറുകൾ,സ്‌കാനിംഗ് മെ ഷിനറികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ വെച്ചാൽ ഇവ ഉപയോഗശൂന്യമാകും.
ഇതിന് പുറമെ ഫാർമസികളിലുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും കാലാവധി പൂർത്തിയാവുകയാണ്.
സ്വകാര്യമേഖലയിലെ ആശുപത്രികളെ വെല്ലുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളുള്ള അത്യാഹിതവിഭാഗം, പ്രസവവാർഡിലെ ഓപ്പറേഷൻ തിയ്യറ്റർ, കുട്ടികളുടെ വാർഡിലെ ഉപകരണങ്ങൾ എന്നിവയും ഉപയോഗിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുകയാണ്. മുൻ എം പി എം.ഐ ഷാനവാസ് അനുവദിച്ച ഒരു കോടിയിലേറെ രൂപ ചെലവിട്ട് സ്ഥാപിച്ച സി ടി സ്‌കാനിന്റെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. മാമോഗ്രാഫി മെഷീൻ കേരളത്തിൽ വയനാട് ജില്ലാ ആസ്പത്രിയിൽ മാത്രമാണുള്ളത്.
കോടികളുടെ ഉപകരണങ്ങൾ നശിച്ചുകൊണ്ടിരിക്കുമ്പോഴും സാധാരണക്കാർ മതിയായ ചികിത്സ ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്. വയനാട് ജില്ലയ്ക്ക് പുറമെ കർണാടകയിലെ കുടക്, ബൈരക്കുപ്പ, അന്തർസന്ത എന്നിവിടങ്ങളിൽ നിന്നും, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ അടക്കമുള്ള ഭാഗങ്ങളിൽ നിന്നും രോഗികൾ ചികിത്സതേടിയെത്തുന്നത് മാനന്തവാടി ജില്ലാ ആസ്പത്രിയിലായിരുന്നു.
ഉപയോഗിക്കാതെ കിടക്കുന്നവ
45 ലക്ഷം രൂപ ചിെലവിട്ട് സ്ഥാപിച്ച പ്രസവവാർഡിലെ ലാപ്രോ സ്‌കോപ്പി ഉപകരണം,
40 ലക്ഷം ചെലവിൽ വാങ്ങിയ സർജറി ഉപകരണങ്ങൾ, സിസേറിയൻ അടക്കമുള്ള യൂണിറ്റ്, 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച മാമോഗ്രാഫി മെഷീൻ,
25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച എൻഡോസ്‌കോപ്പി, സർജിക്കൽ എൻഡോസ്‌കോപ്പി,
ഇ എൻ ടി വിഭാഗങ്ങളിൽ 65 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ഉപകരണങ്ങൾ
10 ലക്ഷം രൂപയുടെ അനസ്‌തേഷ്യ മെഷീൻ,
നേത്രവിഭാഗത്തിൽ 25 ലക്ഷത്തിന്റെ മൈക്രോസ്‌കോപ്പ്,
45 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഡബിൾഡോർ ലോൻട്രി മെഷീൻ
ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ആധുനിക രീതിയിലുള്ള ഓപ്പറേഷൻ തിയ്യറ്റർ,
മൂന്നര കോടി രൂപ വിലവരുന്ന സർജിക്കൽ ഉപകരണങ്ങൾ, വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ് എത്തുന്നവരുടെ മുറിവിന്റെ സ്ഥിതി മനസിലാക്കുന്നതിനുള്ള ആർത്രോസ്‌കോപ്പിക് മെഷീൻ