വടകര: കൊറോണയെ പിടിച്ചു കെട്ടാൻ ആരോഗ്യപ്രവർത്തകർ പരക്കം പായുമ്പോൾ ജീവിത ശെലീ രോഗങ്ങൾക്ക് മരുന്ന് ലഭിക്കാതെ നാട്ടിൻപുറങ്ങളിലെ രോഗികൾ. ആശുപത്രികളിൽ സർക്കാർ മരുന്നുകൾ ലഭ്യത ഉറപ്പാക്കുന്നുണ്ടെങ്കിലും ജീവനക്കാർ കൊവിഡ് ക്യാമ്പുകളിൽ സജീവമായതോടെ സെന്ററുകളിൽ തീരുന്ന മരുന്നുകൾ ഏതെന്നു പോലും നോക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.

അനുവദിക്കപ്പെട്ട ഗുളികകൾ ലഭിക്കാതായതോടെ വലിയ വില കൊടുത്ത് പുറമെ നിന്ന് മരുന്നുകൾ വാങ്ങേണ്ട അവസ്ഥയാണ്. ദിവസവും മുടങ്ങാതെ ഗുളികകൾ കഴിക്കുന്ന വൃദ്ധരെയാണ് ഇത് ഏറെ ബാധിക്കുന്നത്.

പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നീ അസുഖങ്ങൾക്ക് ഹെൽത്ത് സെന്ററിൽ മരുന്ന് ഉണ്ടോ എന്നറിയാൻ കിലോമീറ്ററുകൾ താണ്ടി എത്തേണ്ട സാഹചര്യമാണുള്ളത്.

പതിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒഞ്ചിയം പഞ്ചായത്തിലെ ഹെൽത്ത് സെന്ററിൽ അഞ്ച്, എട്ട് വാർഡിലുള്ളവർക്ക് എത്താൻ ഏറെ ചുറ്റി സഞ്ചരിക്കണം. ഹെൽത്ത് സെന്ററിലെ ഫോൺ കേടായതോടെ വിളിച്ച് അന്വേഷിക്കാനും സാധിക്കില്ല. സെന്ററിലെത്തി ഡോക്ടറുടെ കുറിപ്പടിയുമായാ കൗണ്ടറിൽ എത്തുമ്പോഴാണ് മരുന്നില്ലെന്ന സത്യം അറിയുക. ഇതോടെ കുറഞ്ഞ വിലയിൽ ലഭിത്തുന്ന മരുന്നുകൾ ഭീമമായ തുക നൽകി പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്.

പ്രവർത്തനരഹിതമായ ലാന്റ് ഫോൺ മാറ്റി ഹെൽത്ത് സെന്ററുകൾക്ക് പൊതുവായി സി.യു.ജി നമ്പറിലുള്ള മൊബൈൽ ഫോൺ അനുവദിക്കുക, മുടങ്ങാതെ കഴിക്കേണ്ട ഗുളികകളെങ്കിലും മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് ലഭ്യമാക്കാൻ സൗകര്യം ഒരുക്കണമെന്നുമാണ് രോഗികൾ പറയുന്നത്.