കോഴിക്കോട്: കോടികളുടെ ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ്സെടുത്തിരിക്കെ എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂറും ജനറൽ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ ലബ്ബയും രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയ സെക്രട്ടറി ഡോ.എൻ.എം.മുജീബ് റഹ്‌മാൻ സസ്‌പെൻഷനിലായി. ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാവിരുദ്ധ പ്രവർത്തനവും ആരോപിച്ചാണ് നടപടി.
പെരിന്തൽമണ്ണയിലെ എം.ഇ.എസ് മെഡിക്കൽ കോളേജിൽ വർഷങ്ങളായി സൂപ്രണ്ടായിരുന്നു ഇദ്ദേഹം. സൂപ്രണ്ടിന്റെ കൃത്യവിലോപം കാരണം കോടികളുടെ നഷ്ടം നേരിട്ടതായി ചൂണ്ടിക്കാണിച്ച് തൽസ്ഥാനത്തു നിന്ന് നേരത്തെ മാനേജിംഗ് കമ്മിറ്റി നീക്കിയിരുന്നു. എം.ഇ.എസ് ഫണ്ടിൽ നിന്ന് ഡോ.ഫസൽ ഗഫൂർ 3. 81 കോടി രൂപ തിരിമറി നടത്തിയതായി സംഘടനയിലെ അംഗം എൻ.കെ. നവാസാണ് പൊലീസിൽ പരാതി നൽകിയത്.