കൽപ്പറ്റ: 'എൻ ഊര്" ഗോത്ര പൈതൃകഗ്രാമം ആദ്യഘട്ടം കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലൻ ഓൺലൈനായി നിർവ്വഹിക്കും. ആദിവാസികളുടെ തനത് ജീവിതവും സംസ്‌കാരവും പുതിയ തലമുറകളിലേക്ക് പരിചയപ്പെടുത്താനുള്ള സംരംഭമാണ് വൈത്തിരിയിൽ തുടങ്ങുന്നത്.

വയനാട്ടിലെ ചിതറിക്കിടക്കുന്ന ഗോത്ര വിഭാഗങ്ങളുടെ സാംസ്‌കാരിക പൈതൃകങ്ങളും പരമ്പരാഗത അറി​വുകളും കോർത്തിണക്കിയി​ട്ടുള്ളതാണ് എൻ ഊരു ഗോത്ര പൈതൃകഗ്രാമം. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി തേയില എസ്റ്റേറ്റിന്റെ ലക്കിടി ഡിവിഷനിലെ 25 ഏക്കർ സ്ഥലത്താണ് പദ്ധതി​ നടപ്പാക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.

ആദ്യഘട്ടത്തിൽ അഞ്ചു ബ്ലോക്കുകളാണ് നിർമ്മിച്ചിട്ടുള്ളത്. ട്രൈബൽ മാർക്കറ്റ്, ട്രൈബൽ കഫ്ടീരിയ, വെയർ ഹൗസ്, ഫെസിലിറ്റേഷൻ സെന്റർ, എക്സിബിഷൻ ഹാൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. വയനാട്ടിലെ തനത് ഉത്പന്നങ്ങൾ എൻ ഊരിലെ വിപണിയിൽ ലഭ്യമാവും. പട്ടികവർഗ്ഗ വികസന വകുപ്പാണ് ആദ്യഘട്ടത്തിനുള്ള 3 കോടി രൂപ അനുവദിച്ചത്. രണ്ടാം ഘട്ടത്തിന് വിനോദ സഞ്ചാര വകുപ്പ് 4.53 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓപ്പൺ എയർ തിയേറ്റർ, ട്രൈബൽ ഇന്റർപ്രെട്ടേഷൻ സെന്റർ, ഹെറിറ്റേജ് വാക്ക് വേ, ചിൽഡ്രൻസ് പാർക്ക്, ആർട്ട് ആൻഡ് ക്രാഫ്ട് വർക്ക് ഷോപ്പ് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ പൂർത്തിയാകും.

കരകൗശല വസ്തുക്കൾ, ആദിവാസി വംശീയ ഭക്ഷണം, പരമ്പരാഗത ആഭരണങ്ങൾ, ശിൽപ്പകല, ചിത്രകല, വീട്ടുപകരണങ്ങൾ തുടങ്ങിയ ഗോത്രവർഗക്കാരുടെ ഉൽപന്നങ്ങൾ ഇടനിലക്കാർ ഇല്ലാതെ വിപണിയിലേക്ക് എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വിവിധ ഗോത്ര പാരമ്പര്യ സ്വയംതൊഴിൽ മേഖലകളിൽ പരിശീലനങ്ങളും ഒരുക്കിയിട്ടുണ്ട്.

സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ രാഹുൽ ഗാന്ധി, എം.വി ശ്രേയാംസ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുക്കും.