കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ റോഡിന് 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നേരത്തെ ഈ റോഡിന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കൂടുതൽ തുക ആവശ്യമാണെന്നു വന്നതോടെ തുക 42 ലക്ഷമായി ഉയർത്തി ഉത്തരവിറങ്ങുകയായിരുന്നു.
കേരള വാട്ടർ അതോറിറ്റിയുടെ കൈവശത്തിലുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ നിവേദനം കൂടി പരിഗണിച്ചാണ് തുക ഉയർത്തിയത്. പ്രളയ ദുരിതാശ്വാസ പ്രവൃത്തികളിൽ ഉൾപ്പെടുത്തി ഇടക്കാലത്ത് ഈ റോഡിന് തുക അനുവദിച്ചിരുന്നെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള റോഡല്ലെന്നതിനാൽ അനുമതി ലഭിച്ചിരുന്നില്ല.
ഇപ്പോൾ അനുവദിച്ച തുക ഉപയോഗപ്പെടുത്തി റോഡിന്റെ പ്രവൃത്തി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.